കോട്ടയം: ചങ്ങനാശേരിയുടെ മുഖച്ഛായ മാറ്റാൻ ഒന്നേകാൽ കോടി രൂപ മുതൽ മുടക്കിൽ നിർമാണമാരംഭിച്ച മനയ്ക്കച്ചിറ ടൂറിസം പദ്ധതി പാതി വഴിയില്‍. മലയോര മേഖലയേയും കുട്ടനാടിനെയും ബന്ധിപ്പിക്കുന്ന സ്വപ്‌ന പദ്ധതിയാണ് കാടുകയറി നശിക്കുന്നത്. ടൂറിസം വകുപ്പ് അനുവദിച്ച 33 ലക്ഷത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ആദ്യം ആരംഭിച്ചത്. രണ്ടാംഘട്ടത്തിൽ 39 ലക്ഷവും അന്തിമഘട്ടമെന്ന നിലയില്‍ 49 ലക്ഷവും ചെലവഴിച്ചു. എസി റോഡിനും കനാലിനും സമാന്തരമായി പവലിയന്‍ നിര്‍മിച്ച് പിന്നീട് പെഡല്‍ ബോട്ടുകള്‍ ഇറക്കി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാം എന്നായിരുന്നു പ്രതീക്ഷ. എന്നാൽ ബോട്ടിംഗ് പദ്ധതി നടപ്പായില്ല.
മൂന്നാറും തേക്കടിയും അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും വിദേശ സഞ്ചാരികൾ ഉൾപ്പെടെ യാത്ര ചെയ്യുന്ന ചങ്ങനാശേരി- ആലപ്പുഴ റോഡിന് സമീപമാണ് ഈ വികസന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ചങ്ങനാശേരി മുതല്‍ മങ്കൊമ്പ് വരെയുളള ഭാഗത്ത് കനാൽ നവീകരിക്കുകയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്തത്. എന്നാൽ നിലവിൽ ഒരു കിലോമീറ്റർ മാത്രമാണ് നവീകരണ പ്രവൃത്തികള്‍ നടത്തിയിരിക്കുന്നത്.