കോട്ടയം: കളത്തൂക്കടവിലെത്തിയ കാസര്‍കോട് സ്വദേശിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്‌ചയാണ് ഇയാള്‍ കളത്തൂക്കടവിലെ ബന്ധുവീട്ടില്‍ എത്തിയത്. എന്നാല്‍ വീട്ടികാര്‍ ഇയാളെ സ്വീകരിക്കാന്‍ തയാറായില്ല. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് ഇയാള്‍ വീട്ടില്‍ നിന്നും ബന്ധുവീട്ടിലേക്ക് വന്നത്. ഒരു പകല്‍ മുഴുവന്‍ അലഞ്ഞുതിരിഞ്ഞ ഇയാളെ ഒടുവില്‍ മേലുകാവിലെ സ്വകാര്യ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കാസര്‍കോട് നിന്നാണ് എത്തിയതെന്നറിഞ്ഞതോടെ പൊതുജനങ്ങളില്‍ ആശങ്ക പരന്നിരുന്നു. തിരിച്ച് പോകാന്‍ ശ്രമിച്ചെങ്കിലും സംസ്ഥാനത്ത് ലോക്ക് ഡൗണായതിനാല്‍ യാത്ര നടന്നില്ല. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. പ്രേംജിയും ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തിയാണ് ഇയാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്.