കോട്ടയം : ശബരിമല ക്ഷേത്രത്തിലേക്ക് എരുമേലിയിൽ നിന്നുള്ള കാനനപാത 24 മണിക്കൂറും തീർഥാടകർക്ക് തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് മലയരയ മഹാസഭ. വന്യമൃഗ ശല്യത്തിന്‍റെ പേരിൽ കാനനപാതയിൽ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന നിയന്ത്രണത്തിന് എതിരെയാണ് മലയരയ മഹാസഭ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
എരുമേലി കോയിക്ക കാവിൽ നിന്നും രാവിലെ 7 മുതൽ ഉച്ചയ്‌ക്ക് 2:30 വരെയും മുക്കുഴിയിൽ നിന്ന് 7 മുതൽ 3:30 വരെയുമാണ് ഭക്‌തർക്ക് കടന്നുപോകാൻ അനുവാദം നൽകിയിട്ടുള്ളത്. നിയന്ത്രണം പൂർണമായും ഒഴിവാക്കണമെന്നാണ് ആവശ്യം.
കാനന പാത അടയ്ക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വനം വകുപ്പിലെ ചിലരുടെ ഗൂഢ നീക്കമാണിതെന്നും ഇവർ ആരോപിക്കുന്നു. കാനനപാതയിലെ നിയന്ത്രണം മൂലം ഈ പരമ്പരാഗത പാതയിലുള്ള ക്ഷേത്രങ്ങൾ ഇരുൾ അടഞ്ഞുപോകും.
ആചാരങ്ങളെ അട്ടിമറിക്കുന്ന ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും മലയരയ സഭ പറയുന്നു. കാനന പാതയിലൂടെ 24 മണിക്കൂറും സഞ്ചാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് നവംബർ 30ന് കാളകെട്ടിയിൽ സമര പ്രഖ്യാപനവും അഴുതക്കടവിലേക്ക് മാർച്ചും നടത്താനാണ് ഐക്യ മലയരയ മഹാസഭയുടെ തീരുമാനം.