കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ മാർക്ക്ദാന വിവാദത്തില്‍ പ്രതിഷേധവുമായി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ രംഗത്ത്. ജീവനക്കാർക്കെതിരെ സിൻഡിക്കേറ്റ് അംഗങ്ങൾ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്നാണ് ആരോപണം. മാർക്ക് ദാനത്തില്‍ ജീവനക്കാർക്ക് അനാസ്ഥയുണ്ടെന്നാണ് സിൻഡിക്കേറ്റ് അംഗങ്ങളുടെ അരോപണം. സിൻഡിക്കേറ്റ് തീരുമാനങ്ങളുടെ പകർപ്പ് പുറത്തുപോയത് അന്വേഷിക്കാൻ നിലവിൽ അന്വേഷണ കമ്മിഷന്‍ രൂപികരിച്ചതായും എംപ്ലോയീസ് യൂണിയൻ വ്യക്തമാക്കി.
സിൻഡിക്കേറ്റ് തീരുമാനമാണ് വിവാദത്തിലേക്ക് നയിച്ചത്. എന്നാല്‍ വിഷയത്തില്‍ ജീവനക്കാരെ ബലിയാടാക്കാനാണ് സര്‍വ്വകലാശാല ശ്രമിക്കുന്നതെന്നും എംപ്ലോയീസ് യൂണിയൻ ഭാരവാഹികൾ ആരോപിച്ചു. ബി.ടെക്ക് പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർഥികളെ ചട്ടവിരുദ്ധ നപടികളിലൂടെ വിജയിപ്പിക്കാനാണ് സര്‍വ്വകലാശാല ശ്രമിക്കുന്നത്. മാർക്ക് നൽകാനുള്ള തീരുമാനം തെറ്റാണെന്ന് രജിസ്ട്രാര്‍ അടക്കമുള്ളവരും ജീവനക്കാരും വൈസ് ചാൻസിലറെ അറിയിച്ചതാണ്. എം.കോം പരീക്ഷയുടെ ഉത്തരക്കടലാസ് നല്‍കണമെന്ന് കാണിച്ച് വൈസ് ചാൻസിലറുടെ കത്ത് ലഭിച്ചിരുന്നു. ഇതുപ്രകാരമാണ് ഉത്തരക്കാടലാസുകൾ കൈമാറിയതെന്നും യൂണിയൻ അംഗങ്ങൾ വ്യക്തമാക്കി.