കോട്ടയം: ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശമനുസരിച്ച് സ്വീഡനിലെ സ്റ്റോക് ഹോം സർവകലാശാല നേതൃത്വം നൽകുന്ന പഠനപരിപാടിയിലേക്ക് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ഉൾപ്പെടെയുള്ള വിദഗ്ദ്ധർക്ക് ക്ഷണം. പോളിമർ-നാനോ സയൻസ് ശാസ്ത്രജ്ഞൻ കൂടിയായ പ്രൊഫ. സാബു തോമസ്, പ്രൊഫ. നന്ദകുമാർ കളരിക്കൽ, ഡോ. നിവേദിത ശങ്കർ, ഡോ. ക്രിസ്റ്റഫർ ഗുണ എന്നീ ഗവേഷകരുടെ സേവനമാണ് മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.
സ്റ്റോക്ക്‌ഹോം സർവകലാശാലയിലെ പ്രൊഫ. അജി പി മാത്യുവാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ന്യൂഡൽഹി ആസ്ഥാനമായ ദി എനർജി ആന്‍റ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ടി.ഇ.ആർ.ഐ.) നിന്നുള്ള ഡോ. വിദ്യ ബത്ര, ഡോ. സൗമിക് ഭട്ടാചാര്യ എന്നിവരും ഇതിൽ പങ്ക് ചേരുന്നുണ്ട്.
ചെലവ് കുറഞ്ഞ രീതികൾക്കും സുസ്ഥിര മാതൃകകൾക്കും പ്രധാന്യം നൽകിക്കൊണ്ട് ജലശുദ്ധീകരണത്തിനായി ഉപയോഗിച്ച് വരുന്ന ഉപകരണങ്ങൾക്കും സങ്കേതങ്ങൾക്കും പകരം വയ്ക്കാവുന്ന സംവിധാനങ്ങൾ പ്രാദേശികമായ പ്രത്യേകതകൾക്ക് അനുയോജ്യമായ വിധം വാർത്തെടുക്കുന്നതിന് ലക്ഷ്യമിടുന്നതാണ് പഠന-ഗവേഷണ പദ്ധതി.
ജല മാലിന്യങ്ങളെ നീക്കം ചെയ്ത് ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന പ്രത്യേക രാസ പദാർത്ഥങ്ങളുടെ കാര്യത്തിലും പ്രകാശ തന്മാത്രകളുപയോഗിച്ചുള്ള ജലശുദ്ധീകരണ സങ്കേതങ്ങൾക്കായി അർദ്ധ ചാലക വസ്തുക്കളെ വികസിപ്പിച്ചെടുക്കുന്ന കാര്യത്തിലുമുള്ള ഗവേഷണങ്ങളിൽ നിർണായക സംഭാവനകൾ നൽകിയിട്ടുള്ളവരെയാണ് വിദഗ്ദ്ധ സമിതിയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്.
Also Read: വനമിത്ര പുരസ്‌കാരം എംജി സർവകലാശാലക്ക്