കോട്ടയം: കെ റെയില്‍ വിരുദ്ധ സമര സമിതി ചങ്ങനാശേരി മാടപ്പള്ളിയിൽ നടത്തുന്ന സമരം നൂറാം ദിവസത്തിലേക്ക്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെയുള്ള സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്ന് സത്യഗ്രഹ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം പറഞ്ഞു.
ജനങ്ങൾക്ക് ആവശ്യമില്ലാത്ത പദ്ധതി നടപ്പാക്കുമ്പോൾ തിരിച്ചടികൾ സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതി നടപ്പാക്കാനുള്ള ആസൂത്രണം തികച്ചും പാളിപ്പോയെന്നും ജനങ്ങൾക്ക് ഈ പദ്ധതിയുടെ മേലുള്ള വിശ്വാസം നഷ്ടമായെന്നും ബിഷപ്പ് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 17ന് കെ റെയില്‍ പദ്ധതിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച മാടപ്പള്ളി നിവാസികളെ പൊലീസ് ക്രൂരമായി മര്‍ദിച്ചിരുന്നു.
എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ കെ റെയില്‍ ഉദ്യോഗസ്ഥര്‍ പൊലീസ് സംരക്ഷണത്തില്‍ മാടപ്പള്ളിയില്‍ കെ റെയില്‍ കുറ്റികള്‍ നാട്ടി. തുടര്‍ന്ന് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെയും, ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിന്‍റെയും നേതൃത്വത്തില്‍ കുറ്റികള്‍ പിഴുതെറിഞ്ഞിരുന്നു. തുടര്‍ന്നാണ് മാര്‍ച്ച് 20ന് മാടപ്പള്ളി നിവാസികള്‍ സത്യഗ്രഹ സമരം ആരംഭിച്ചത്.
സിൽവർ ലൈൻ പദ്ധതി സർക്കാർ എത്രയും വേഗം ഉപേക്ഷിക്കണമെന്നും പദ്ധതി ഉപേക്ഷിക്കുന്നതിനോടൊപ്പം തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള വിജ്ഞാപനവും പിന്‍വലിക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു. സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് ഇത്തരം നടപടികളുണ്ടായാല്‍ മാത്രമെ സമരത്തില്‍ നിന്ന് പിന്‍മാറുകയുള്ളൂവെന്നും നാട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ, കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ്, മുൻ കേന്ദ്ര മന്ത്രി പി.സി തോമസ് തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
also read: 'കെ റെയില്‍ കല്ലിടലിന് ചെലവാക്കിയത് 1.33 കോടി': മുഖ്യമന്ത്രി നിയമസഭയില്‍