കോട്ടയം: പണികഴിപ്പിച്ച പുതിയ മാലിന്യ സംസ്‌കരണ കേന്ദ്രം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് എസ്‌ഡിപിഐ മാര്‍ച്ച്. നടക്കല്‍ തേവരുപാറ ഡംപിങ് യാര്‍ഡിലെ മാലിന്യ സംസ്‌കരണ കേന്ദ്രമാണ് തുറക്കാൻ വൈകുന്നത്. എസ്‌ഡിപിഐ നടക്കല്‍ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ മണ്ഡലം പ്രസിഡന്‍റ് സുബൈര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ ഉദാസീനത മൂലം ഒരു നാട് മുഴുവന്‍ മലിനജലം കുടിക്കുകയാണെന്ന് സുബൈര്‍ വെള്ളാപ്പള്ളി പറഞ്ഞു. മീനച്ചിലാറ്റിലെ ജലമാണ് പമ്പ് ചെയ്ത് ജനങ്ങള്‍ക്ക് നല്‍കുന്നത്. മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ നഗരസഭ തയ്യാറാകണം. ഇല്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് സുബൈര്‍ വെള്ളാപ്പള്ളി പറഞ്ഞു.
കാലങ്ങളായി മാലിന്യം തള്ളുന്ന തേവരുപാറയില്‍ 2015-ല്‍ നഗരസഭയായി മാറിയതിന് ശേഷമാണ് പുതിയ സംസ്‌കരണ കേന്ദ്രം നിര്‍മാണം ആരംഭിച്ചത്. കെട്ടിടം പണി പൂര്‍ത്തിയായെങ്കിലും വെള്ളം, വൈദ്യുതി തുടങ്ങിയ പ്രശ്നങ്ങളാൽ പ്രവര്‍ത്തനം വൈകുകയാണ്. സംസ്കരണ കേന്ദ്രത്തിലേക്കുള്ള യന്ത്രങ്ങള്‍ എത്തിക്കുകയും ജീവനക്കാരെ നിയമിക്കുകയും ചെയ്തു. വാര്‍ഡ് തലത്തിലുള്ള ഹരിതകര്‍മസേന അംഗങ്ങളെയും നിശ്ചയിച്ചതായാണ് നഗരസഭ പറയുന്നത്. മാലിന്യം മലമുകളില്‍ നിന്ന് താഴെ മീനച്ചിലാർ വരെ എത്തിയതോടെയാണ് പ്രതിഷേധം ശക്തമായത്.