കോട്ടയം: സര്‍ക്കാരിന്‍റെ ആഹ്വാനം ഏറ്റെടുത്ത് ജില്ലയില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ തുറന്നു. പൊതുജനങ്ങളുടെയും കുടുംബശ്രീ-ആശ പ്രവര്‍ത്തകരുടേയും സഹകരണത്തോടെ മുന്‍സിപ്പാലിറ്റിയുടേയും ഗ്രാമപഞ്ചായത്തുകളുടേയും നേതൃത്വത്തിലാണ് ഭക്ഷണം തയാറാക്കുന്നതും വിതരണം ചെയ്യുന്നതും. ചങ്ങനാശേരി നഗരസഭ അങ്കണത്തിലെ കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് 50 പേര്‍ക്കും ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തില്‍ 300 പേര്‍ക്കും പാല നഗരസഭയുടെ ന്യായവില ഭക്ഷണ കേന്ദ്രത്തില്‍ നിന്നും 100 പേര്‍ക്കും ഭക്ഷണം വിതരണം ചെയ്‌തു.
തദ്ദേശഭരണ സ്ഥാപനങ്ങളിലെ കാന്‍റീനുകളും സ്വകാര്യ കാറ്ററിങ് യൂണിറ്റുകളും ഹോട്ടലുകളുമൊക്കെ ഇത്തരത്തിൽ കമ്മ്യൂണിറ്റി കിച്ചണായി പ്രവര്‍ത്തിക്കുകയാണ്. ജനപ്രതിനിധികളും കുടുംബശ്രീ- ആശാ പ്രവര്‍ത്തകരും ചേര്‍ന്ന് തയാറാക്കുന്ന പട്ടികയിലുള്ളവര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. ഭക്ഷണം ആവശ്യമുള്ളവര്‍ വാര്‍ഡ് അംഗത്തെയോ കുടുംബശ്രീ-ആശാ പ്രവര്‍ത്തകരെയോ ബന്ധപ്പെട്ടാല്‍ മതിയാകും. ഉപകരണങ്ങളും ഭക്ഷ്യവസ്തുക്കളും സേവനവും ലഭ്യമാക്കി നിരവധി പൊതുജനങ്ങളും പദ്ധതിയില്‍ സജീവമായി പങ്കെടുത്തു.