കോട്ടയം: ആലപ്പുഴയുടെ കായല്‍ കാഴ്‌ചകളും സൗന്ദര്യവും കടല്‍കടന്ന് വിദേശ രാജ്യങ്ങളിലും പ്രശസ്‌തമാണ്. വിദേശികൾ തേടിയെത്തുന്ന ആ കാഴ്‌ചകൾ ഇനി വാട്ടർ ടാക്‌സിയില്‍ ആസ്വദിക്കാം. ചങ്ങനാശേരിയില്‍ നിന്ന് ആലപ്പുഴയിലേക്കാണ് വാട്ടർ ടാക്‌സി ആരംഭിച്ചിട്ടുള്ളത്.
രണ്ടര മണിക്കൂര്‍ കായല്‍ കാഴ്‌ചകൾ
ഉൾനാടൻ ജലഗതാഗതവും ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് വാട്ടർ ടാക്‌സി നീറ്റിലിറക്കിയത്. ചങ്ങനാശേരിയില്‍ നിന്ന് രണ്ടരമണിക്കൂർ കൊണ്ട് ആലപ്പുഴയില്‍ എത്തുന്ന വാട്ടർ ടാക്‌സിയില്‍ രണ്ട് ജീവനക്കാരുണ്ടാകും. മുൻകൂർ പണമടച്ച് മണിക്കൂറിന് 1500 രൂപ നിരക്കിൽ 10 പേർക്ക് സഞ്ചരിക്കാം.
സര്‍വീസ് ഓഗസ്റ്റില്‍ ആരംഭിക്കും
എ.സി റോഡ് നവീകരണത്തിന്‍റെ ഭാഗമായി പാലം പൊളിച്ചു പണിയുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ വാട്ടർ ടാക്‌സിയെ ആശ്രയിക്കാന്‍ സാധ്യതയുണ്ടെന്ന് ജലഗതാഗത വകുപ്പ് കണക്കുകൂട്ടുന്നു. കുട്ടനാടിന്‍റെ ഉള്‍പ്രദേശങ്ങളിലെയും ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലകളിലെയും പ്രദേശവാസികള്‍ക്ക് സര്‍വീസ് ആശ്രയമാകും.
സര്‍വീസ് ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കും. വിജയകരമായാല്‍ കായൽ ടൂറിസത്തിന്‍റെ പുതിയ സാധ്യതകൾ ക്രിയാത്മാകമായി ഉപയോഗിക്കാൻ കൂടുതല്‍ സര്‍വീസ് ആരംഭിക്കാനും ജലഗതാഗത വകുപ്പ് ആലോചിക്കുന്നു.
ALSO READ: സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആറുമാസത്തേക്കു കൂടി മരവിപ്പിച്ചു