കോട്ടയം: പാടശേഖര സമിതിയുടെ അനാസ്ഥ മൂലം തിരുവാർപ്പ് തട്ടേക്കാട് പാടശേഖരത്തിലെ കൃഷി നശിക്കുന്നതായി കർഷകർ. വിത്തുവിതച്ച് 155 ദിനങ്ങൾ പിന്നിട്ടിട്ടും ഇവിടുത്തെ ആറ് ഏക്കർ പാടത്തെ നെല്ലാണ് കൊയ്യാൻ കഴിയാത്തത്. കൊയ്‌ത്ത് യന്ത്രം എത്തിക്കാൻ സാധിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ആറ് കർഷകരുടെ നെല്ലാണ് കൊയ്യാൻ കഴിയാതെ പാടത്ത് കിടന്ന് നശിക്കുന്നത്. പല സ്ഥലത്തും നെൽച്ചെടികൾ താഴെ വീണ് കിളിർത്ത നിലയിലാണ്. തിരുവാർപ്പ് പാടശേഖര സമിതി ആദ്യം എത്തിച്ച കൊയ്‌ത്ത് യന്ത്രം പാടത്ത് താഴ്ന്നുപോയിരുന്നു. പിന്നീട് പാടശേഖര സമിതി കൊയ്ത്ത് യന്ത്രമെത്തിച്ച് ഇവരുടെ നെല്ല് കൊയ്യാൻ അവസരമൊരുക്കിയില്ലെന്നാണ് ആരോപണം.
കൃഷി ഓഫിസറുമായി നടത്തിയ ചർച്ചയിൽ കുമരകത്ത് നിന്ന് കൊയ്ത്ത് യന്ത്രം എത്തിച്ചു കൊടുക്കാമെന്ന് പാടശേഖര സമിതിക്കാർ ഉറപ്പ് നൽകിയെങ്കിലും വാക്ക് പാലിച്ചില്ലെന്നും കർഷകർ പറയുന്നു. കടം വാങ്ങിയും പണം പലിശക്കെടുത്തും സ്വർണം പണയം വച്ചും വിളയിച്ചെടുത്ത നെല്ല് എങ്ങനെ കൊയ്തെടുക്കുമെന്നോർത്ത് ആശങ്കയിലാണ് കർഷകർ.