കോട്ടയം: എംസി റോഡിൽ കുറവിലങ്ങാട് കോഴയിൽ കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു. മൂന്ന് സ്ത്രീകൾ അടക്കം 12 യാത്രക്കാർക്ക് പരിക്കേറ്റു. ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശി സുധ മോഹൻ (60) ആണ് മരിച്ചത്.
മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. ഇന്ന് (ജനുവരി 13) ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. പരിക്കേറ്റവരിൽ നാലുപേരെ കോട്ടയം കാരിത്താസ് ആശുപത്രിയിലും എട്ടുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാരിത്താസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് സുധ മോഹന്‍ മരിച്ചത്.
എംസി റോഡിൽ കുറവിലങ്ങാട് നിന്നും കൂത്താട്ടുകുളത്തേക്ക് പോവുകയായിരുന്നു കെഎസ്‌ആർടിസി ബസ്. ഈ സമയം മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാർ ബസിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതിരമ്പുഴ സ്വദേശികളായ ആറുപേരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ ഡ്രൈവറും സ്ത്രീയും അടക്കമുള്ളവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും നാലുപേരെ കാരിത്താസിലുമാണ് പ്രവേശിപ്പിച്ചത്.
അപകട വിവരം അറിഞ്ഞ ഉടൻ, എംസി റോഡിൽ പട്രോളിങ്ങില്‍ ഉണ്ടായിരുന്ന ഹൈവേ പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന്, പൊലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.