തിരുവനന്തപുരം/കോട്ടയം: ജാതി വിവേചനം കാണിക്കുന്നുവെന്ന് വിദ്യാർഥികൾ ആരോപണമുന്നയിച്ച കോട്ടയം കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ ശങ്കർ മോഹൻ രാജി വച്ചു. ഇന്ന് ഉച്ചയോടെയാണ് ശങ്കര്‍ മോഹന്‍ രാജി സമര്‍പ്പിച്ചത്. ശങ്കര്‍ മോഹന്‍ ജാതി അധിക്ഷേപം നടത്തിയെന്നതടക്കം ഗുരുതരമായ വിഷയങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ഥികള്‍ ഡിസംബർ 25 മുതൽ നടത്തി വന്ന സമരം 48-ാം ദിനത്തിലേക്ക് കടക്കുമ്പോഴാണ് രാജി.
രാജികത്ത് ചെയർമാന് നൽകിയെന്ന് ശങ്കർ മോഹൻ അറിയിച്ചു. കൂടാതെ രാജിക്കത്തിന്‍റെ പകര്‍പ്പ് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനും സമര്‍പ്പിച്ചിട്ടുണ്ട്. വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും കാലാവധി തീർന്നതാണ് കാരണമെന്നും സർക്കാർ തലത്തിൽ ആരും തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ലെന്നും ശങ്കർ മോഹൻ അറിയിച്ചു. മൂന്ന് വർഷത്തെ കാലാവധി കഴിഞ്ഞു. അതിന് ശേഷം ഡയറക്‌ടര്‍ സ്ഥാനത്ത് ഒരു വർഷത്തെ എക്സ്റ്റൻഷൻ തന്നിരുന്നു. ഇതും അവസാനിച്ചതിനാലാണ് രാജി വച്ചതെന്നും ശങ്കർ മോഹൻ വിശദീകരിച്ചു.
അതേസമയം സമരവുമായി രാജിപ്രഖ്യാപനത്തിന് ബന്ധമില്ലെന്ന വാദം വിദ്യാർഥികൾ തള്ളി. രാജി പ്രഖ്യാപനം കൊണ്ട് സമരം അവസാനിക്കില്ലെന്നും ഉന്നയിച്ച പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം വേണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. അതുവരെ സമരം തുടരുമെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.
കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്‌ടര്‍ക്കെതിരെ വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, മുന്‍ നിയമസഭ സെക്രട്ടറി എന്‍ കെ ജയകുമാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതികളില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് രണ്ടംഗ സമിതി സര്‍ക്കാരിന് നല്‍കിയതെന്നാണ് സൂചന.
പ്രവേശനത്തില്‍ മെറിറ്റ് അട്ടിമറിച്ചെന്ന പരാതിയിലടക്കം വിദ്യാര്‍ഥികളുടെ ഭാഗം ശരിവച്ചുളള റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് മുന്നിലെത്തിയതെന്നാണ് വിവരം. ഇതടക്കം കണക്കിലെടുത്താണ് റിപ്പോർട്ട് പുറത്ത് വരുമെന്ന ഘട്ടത്തിൽ രാജി പ്രഖ്യാപനമെന്നാണ് സൂചന. പ്രതിഷേധങ്ങളും അഭിപ്രായങ്ങളുമായി സിനിമ സാമൂഹിക മേഖലയിലെ പ്രമുഖരാണ് രംഗത്ത് വന്നത്. ഇതിനിടെ സിപിഎമ്മും മുഖ്യമന്ത്രിയും അടൂരിനെ പുകഴ്ത്തി സംസാരിച്ചത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.