കോട്ടയം: കൊവിഡ് 19 രണ്ടാം ഘട്ടത്തിൽ നിന്നും കോട്ടയം ജില്ലക്ക് കരകയറ്റം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഇടുക്കി സ്വദേശികളായ ആറുപേര്‍ കൂടി വൈറസ് മുക്തരായി ആശുപത്രി വിട്ടതോടെ രണ്ടാം തവണയും ജില്ല വൈറസ് മുക്തമായി. കഴിഞ്ഞ 22 നായിരുന്നു രണ്ടാം ഘട്ടത്തിൽ ജില്ലയിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത്. ഓസ്ട്രേലിയിൽ നിന്ന് മടങ്ങിയെത്തിയ പാല സ്വദേശിനിയായ 65 കാരിക്കണ് ജില്ലയിൽ ആദ്യം രോഗം സ്ഥിരികരിക്കുന്നത്. തുടർന്ന് കോട്ടയം മാർക്കറ്റിലെ ചുമട്ടു തൊഴിലാളിയുൾപ്പെടെ 18 പേരെയാണ് അതിവേഗത്തിൽ വൈറസ് ബാധിതരായി കണ്ടെത്തിയത്. 6 ദിവസങ്ങൾക്കിപ്പുറം 12 പേര്‍ രോഗമുക്തരായി മടങ്ങി. അവശേഷിച്ച 6 പേര്‍ കൂടി ആശുപത്രി വിട്ടതോടെ ജില്ല കൊവിഡ് മുക്തമായി.
ചന്നിക്കാട് സ്വദേശിനിയായ ബിരുദാനന്തര ബിരുദ വിദ്യാർഥി, വടയാർ സ്വദേശിയായ വ്യാപാരി, തിരുവനന്തപുരത്തു നിന്നെത്തിയ ആരോഗ്യ പ്രവർത്തകനായ കിടങ്ങൂർ പുന്നത്തറ സ്വദേശി, ഇടുക്കിയിൽ നടത്തിയ പരിശോധനയിൽ രോഗം കണ്ടെത്തിയ പാലാ സ്വദേശിനിയായ വനിത, വെള്ളൂരിൽ താമസക്കാരനായ തമിഴ്‌നാ സ്വദേശിയായ റെയിൽവേ ജീവനക്കാരൻ എന്നിവരാണ് വൈറസ് മുക്തരായവർ. ജില്ല വൈറസ് മുക്തമെങ്കിലും പ്രഖ്യാപിക്കപ്പെട്ട റെഡ് സോണിൽ ജില്ല തുടരും. രോഗം സ്ഥിരികരിച്ച 18 പേരിൽ 4 പേർക്ക് എവിടെ നിന്നാണ് വൈറസ് ബാധയേറ്റതെന്നതിൽ വ്യക്തത വരുത്താൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 552 പേരും സെക്കന്‍ററി കോണ്ടാക്ടിലുൾപ്പെട്ട 599 പേരുമാണ് ജില്ലയിൽ ഗാർഹിക നിരീക്ഷണത്തിൽ കഴിയുന്നത്.