കോട്ടയം: തദ്ദേശ സ്ഥാനപങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന കോട്ടയം ജില്ലയില്‍ നാളെ ജനം വിധിയെഴുതും. പ്രചാരണത്തിന്‍റെ കൊട്ടിക്കലാശം ചൊവ്വാഴ്‌ച പൂര്‍ത്തിയാക്കിയ മുന്നണികൾ പരമാവധി വോട്ടുകള്‍ അനുകൂലമാക്കാനുള്ള അവസാനവട്ട ഓട്ടത്തിലായിരുന്നു ഇന്ന്. ജില്ലയില്‍ മൂന്ന് മുന്നണികളും വലിയ ശുഭ പ്രതീക്ഷയിലാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ലോക് താന്ത്രിക് ജനതാദളും കേരളാ കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗവും മുന്നണിയുടെ ഭാഗമായിട്ടുണ്ട് എന്നതാണ് എല്‍ഡിഎഫിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകം. ഒപ്പം വിവിധ മേഖലകളില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണ നേട്ടവും വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.
അതേസമയം കേരളാ കോണ്‍ഗ്രസിന്‍റെ കൊഴിഞ്ഞ് പോക്ക് തങ്ങളെ ബാധിക്കില്ലെന്ന് ആവര്‍ത്തിക്കുകയാണ് യുഡിഎഫ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ല്‍ ഉണ്ടായതിനേക്കാള്‍ മികച്ച വിജയം കൈവരിക്കുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുന്നണികള്‍ക്ക് എതിരായി ശക്തമായ ജനവികാരം രൂപപ്പെട്ടിട്ടുണ്ടെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്തും ഇത് പ്രകടമാകുമെന്നും നേതൃത്വം ഉറച്ച് വിശ്വസിക്കുന്നു.
പ്രാദേശിക വിഷയങ്ങളേക്കാള്‍ ദേശീയ -സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജനങ്ങളെ സമീപിക്കുന്ന എന്‍ഡിഎയും നില മെച്ചപ്പെടുത്താനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ്. ജില്ലാ പഞ്ചായത്തില്‍ അടക്കം പ്രാതിനിധ്യമുണ്ടാക്കാനാകുമെന്നാണ് എന്‍ഡിഎയുടെ വിലയിരുത്തല്‍. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന ജില്ലകളില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന പോളിംഗ് നിരക്ക് കോട്ടയം ജില്ലയിലും ഉണ്ടാകുമെന്നാണ് മുന്നണികളുടെ വിലയിരുത്തല്‍.