കോട്ടയം: കേരളത്തിൽ ലൗ ജിഹാദിനൊപ്പം നാർകോട്ടിക് ജിഹാദുമുണ്ടെന്ന പരാമർശം നടത്തിയ പാലാ രൂപത ജോസഫ് കല്ലറങ്ങാട്ടിനെതിരെ കോട്ടയം താലൂക്ക് മഹല്ല് മുസ്ലീം കോർഡിനേഷൻ കമ്മിറ്റി. വർഗീയ പരാമർശം നടത്തിയ പാലാ ബിഷപ്പിനെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് മഹല്ല് കമ്മിറ്റി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി.
ക്രിസ്‌ത്യൻ-മുസ്ലീം മതസ്പർദ്ദ വളർത്തുന്നതിലൂടെ ലഭിക്കുന്ന ബിജെപി സർക്കാരിന്‍റെ ആനുകൂല്യത്തിൽ കണ്ണുവച്ചു കൊണ്ടാണ് ബിഷപ്പിന്‍റെ ആരോപണമെന്ന് കമ്മിറ്റി രക്ഷാധികാരി ഇലവുപാലം ഷംസുദ്ദീൻ മന്നാനി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പ്രചാരണത്തിന് പിന്നിൽ സ്ഥാപിത താൽപര്യങ്ങളാണെന്നും മത നേതൃത്വത്തിലിരിക്കുന്നവരുടെ ഭാഗത്ത് നിന്നും വരുന്ന ഇത്തരം പ്രസ്‌താവനകൾ സമൂഹത്തിന് ഭീഷണിയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എവിടെയാണ്, ആരെയാണ്, ഏത് ഏജൻസിയെയാണ് വ്യക്തതക്കായി പാലാ ബിഷപ്പ് സമീപിച്ചത് തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കണമെന്നും മഹല്ല് കമ്മിറ്റി ആവശ്യപ്പെട്ടു. സെപ്റ്റംബർ 8നാണ് കോട്ടയം കുറവിലങ്ങാട് പള്ളിയിൽ പ്രസംഗത്തിനിടെ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് വിവാദ പരാമർശം നടത്തിയത്.
Also Read: കോഴിക്കോട് മിഠായി തെരുവിലെ കടയില്‍ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം