കോട്ടയം : 19കാരനെ കൊന്ന് പൊലീസ് സ്‌റ്റേഷനുമുന്നില്‍ കൊണ്ടിട്ട സംഭവത്തില്‍ അഞ്ച് പ്രതികള്‍ കസ്റ്റഡിയിലെന്ന് കോട്ടയം എസ്.പി ഡി. ശില്‍പ. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. മരിച്ച ഷാനും കഞ്ചാവ് കേസിലെ പ്രതിയായിരുന്നുവെന്ന് എസ്.പി വ്യക്തമാക്കി.
ഷാന്‍ കൊലക്കേസില്‍ പൊലീസ് വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ മേഖലകളില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് നിഷേധിച്ച ജില്ല പൊലീസ് മേധാവി പൊലീസ് വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നുവെന്ന് വിശദീകരിച്ചു. കേസിലെ അഞ്ച് പ്രതികളും പിടിയില്‍ ആയിട്ടുണ്ട്. ഓട്ടോ ഡ്രൈവര്‍ ഒഴികെയുള്ള പ്രതികളെല്ലാം മറ്റ് നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്.
READ MORE:ഷാനിന് എല്‍ക്കേണ്ടി വന്നത് ക്രൂര മര്‍ദനം; കാപ്പിവടി കൊണ്ട് അടിച്ചു; കണ്ണില്‍ വിരലുകള്‍ കൊണ്ട് കുത്തി
കൊല്ലപ്പെട്ട ഷാനും കഞ്ചാവ് കേസിലെ പ്രതിയാണ്. കേസിലെ മുഖ്യപ്രതി ജോമോന്‍റെ സുഹൃത്തിനെ തല്ലുന്ന ദൃശ്യങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ ഷാന്‍ കമന്‍റ് ചെയ്തതാണ് കൊലപാതകത്തിന് കാരണം. കുറ്റകൃത്യത്തിനുപയോഗിച്ച ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലുണ്ട്. ജോമോന്‍ ഷാനെ മര്‍ദിച്ച സ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി.
അതേസമയം ജില്ലയിലെ ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ ഓപ്പറേഷന്‍ കാവലിന് രൂപം നല്‍കിയതായും കോട്ടയം എസ്‌പി അറിയിച്ചു. ജില്ലയിലെ 124 ഗുണ്ടകള്‍ക്കെതിരെ സെക്ഷന്‍ 107 പ്രകാരം നടപടിക്ക് ശുപാര്‍ശ ചെയ്ത് ആര്‍ഡിഒക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.