കോട്ടയം: മോട്ടോർ വാഹന ഓഫിസിൽ ലക്ഷങ്ങളുടെ കൈക്കൂലി ഇടപാടുകൾ നടന്നതായി കണ്ടെത്തി വിജിലൻസ്. കോട്ടയം എൻഫോഴ്‌സ്‌മെന്‍റ് ആർ ടി ഓഫിസിലെ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർമാരായ ഷാജൻ വി, അജിത്ത് ശിവൻ, അനിൽ എന്നിവർ കഴിഞ്ഞ ആറ് മാസത്തിനിടയിൽ ലക്ഷക്കണക്കിന് രൂപ കൈക്കൂലിയായി വാങ്ങിയതിന്‍റെ തെളിവുകൾ വിജിലൻസിന് ലഭിച്ചു. ഗൂഗിൾ പേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയുമാണ് പണം നൽകിയിരിക്കുന്നത്.
ബന്ധുക്കളുടെ അക്കൗണ്ടിലൂടെയും സ്വന്തം അക്കൗണ്ട് വഴിയുമാണ് ഇടപാടുകള്‍. അമിത ലോഡ് കയറ്റുന്ന വാഹനങ്ങളെ പിടികൂടുന്നതിന്‍റെ ഭാഗമായി കോട്ടയം ജില്ലയിൽ വിജിലൻസ് നടത്തിയ ഓപ്പറേഷൻ ഓവർലോഡ് മിന്നൽ പരിശോധനയിലാണ് മാസങ്ങളായി നടന്നു വരുന്ന കൈക്കൂലി വാങ്ങല്‍ കണ്ടെത്തിയത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർമാരുടെ ഏജന്‍റുമാരായി പ്രവർത്തിക്കുന്നവരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കോട്ടയം എൻഫോഴ്‌സ്‌മെന്‍റ് ആർ ടി ഓഫിസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർമാരുടെ ഏജന്‍റായി പ്രവർത്തിക്കുന്ന വട്ടുകുളം സ്വദേശി രാജീവിന്‍റെ ടോറസ് ലോറി പിടിച്ചെടുത്തു. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നുമാണ് കൈക്കൂലി നൽകിയതിന്‍റെ തെളിവുകൾ ലഭിച്ചത്. ഇൻസ്പെക്‌ടർമാർക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്യും.
ഇവർ ഓരോരുത്തരും പ്രതിമാസം മൂന്ന് ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങിയതായാണ് വിജിലൻസ് കണ്ടെത്തല്‍. സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന നടത്തിയെങ്കിലും വൻ കൈക്കൂലി കേസ് പുറത്ത് വന്നത് കോട്ടയത്താണ്. വിജിലൻസ് എസ്‌പി വി ജി വിനോദ് കുമാറിന്‍റെ നിർദേശ പ്രകാരം ഡിവൈഎസ്‌പി എ കെ വിശ്വനാഥൻ, സിഐ സജു എസ് ദാസ്, എസ് ഐ സ്റ്റാൻലി തോമസ്, എ എസ് ഐമാരായ സുരേഷ് ബാബു, ഹാരിസ്, എസ് സി പി ഒ മാരായ അരുൺ ചന്ദ്, രാജേഷ് എന്നിവരാണ് പരിശോധന നടത്തിയത്