കോട്ടയം: മഴക്കെടുതിയില്‍ കോട്ടയം ജില്ലയില്‍ വന്‍ നാശനഷ്‌ടം. ജില്ലയില്‍ ഇതുവരെ അറുപത് വീടുകളാണ് മഴയെ തുടര്‍ന്ന് ഭാഗികമായി തകര്‍ന്നത്. ജൂലൈ 31 മുതൽ ആഗസ്‌റ്റ് അഞ്ച് വരെയുള്ള കണക്കാണിത്.
മീനച്ചില്‍ താലൂക്കിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്‌ടം. 47 വീടുകളാണ് താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിലായി ഭാഗികമായി തകർന്നത്. കോട്ടയം, വൈക്കം താലൂക്കുകളിൽ നാലു വീതവും ചങ്ങനാശേരി താലൂക്കിൽ മൂന്നും കാഞ്ഞിരപ്പള്ളി താലൂക്കിൽ രണ്ടും വീടുകൾക്കാണ് നാശനഷ്‌ടം സംഭവിച്ചത്.
വൈക്കത്ത് കാറ്റില്‍ മരം വീണ് വീട് തകര്‍ന്നു: വൈക്കത്ത് ശക്തമായ കാറ്റിൽ മരം വീണ് വീട് തകർന്നു. വൈക്കം തലയാഴം പുത്തൻപുരയിൽ ജോസഫിന്‍റെ വീടിന്‍റെ അടുക്കള ഭാഗമാണ് തകർന്നത്. ശബ്‌ദം കേട്ട് ജോസഫും കുടുംബവും പുറത്തേക്ക് ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. സംഭവ സമയം ജോസഫും ഭാര്യ ത്രേസ്യമ്മയും മകന്‍റെ ഭാര്യയും കുട്ടികളും ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നു.
വീടിന് സമീപത്ത് നിന്നിരുന്ന മാവാണ് കടപുഴകി വീണത്. സമീപത്തെ ട്രാൻസ്ഫോർമറിലേക്കും മാവിന്‍റെ ഒരു ഭാഗം വീണു. ഈ സമയം റോഡിൽ യാത്രക്കാർ ഇല്ലാതിരുന്നതും അപകടം ഒഴിവായി. വൈക്കത്ത് നിന്നും ഫയർഫോഴ്‌സ് എത്തിയാണ് മരം വെട്ടിമാറ്റിയത്.