കോട്ടയം: എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ അംഗബലമുള്ള കോട്ടയം നഗരസഭയില്‍ ഭാഗ്യം തുണച്ചത് യുഡിഎഫിനെ. നറുക്കെടുപ്പിലൂടെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര അംഗം ബിന്‍സി സെബാസ്റ്റ്യന്‍ നഗരസഭാധ്യക്ഷയായി. രണ്ടാംഘട്ട വോട്ടെടുപ്പിലും ഇടതു-വലതു സ്ഥാനാര്‍ഥികള്‍ക്ക് തുല്യ വോട്ട് ലഭിച്ചതോടെയാണ് നറുക്കെടുപ്പ് നടന്നത്. നഗരസഭയിലെ 52-ാം വാര്‍ഡായ ഗാന്ധിനഗറില്‍ നിന്നുമാണ് ബിന്‍സി സെബാസ്റ്റ്യന്‍ വിജയിച്ചത്. ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ 21വോട്ടുകള്‍ക്കെതിരെ 22 വോട്ടുകള്‍ക്കാണ് യുഡിഎഫിലെ ഗോപകുമാര്‍ വിജയിച്ചത്. ഇതോടെ കോട്ടയം നഗരസഭയില്‍ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമായി.
ഇന്ന് നടന്ന അധ്യക്ഷ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അഡ്വ.ഷീജ അനില്‍, യുഡിഎഫ് സ്ഥാനാര്‍ഥിയായി ബിന്‍സി സെബാസ്റ്റ്യന്‍, എന്‍ഡിഎ സ്ഥാനാര്‍ഥിയായി റീബ വര്‍ക്കി എന്നവരാണ് മത്സര രംഗത്തുണ്ടായിരുന്നത്. ആദ്യഘട്ട വോട്ടെടുപ്പില്‍ ഷീജയ്ക്കും ബിന്‍സിക്കും 22 വോട്ടുകള്‍ വീതവും റീബയ്ക്ക് ഏഴ് വോട്ടുകളും ലഭിച്ചു. തുടര്‍ന്ന് റീബയെ ഒഴിവാക്കി നടന്ന വോട്ടെടുപ്പിലും എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് തുല്യം വോട്ട് ലഭിച്ചതോടെ നറുക്കെടുപ്പിലേക്ക് നീങ്ങുകയായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റ് ലഭിക്കാതെ വന്നതോടെ സ്വതന്ത്രയായി മത്സരിച്ച് വിജയിച്ചയാളാണ് ബിന്‍സി. എന്നാല്‍ വിജയിച്ച ശേഷം യുഡിഎഫിനൊപ്പം നില്‍ക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. അഞ്ച് വര്‍ഷവും അധ്യക്ഷ സ്ഥാനം നല്‍കാമെന്ന വ്യവസ്ഥയിലാണ് ബിന്‍സി യുഡിഎഫിനെ പിന്തുണയ്ക്കുന്നത്. നഗരസഭയുടെ സമഗ്ര വികസനത്തിനായി പ്രയത്‌നിക്കുമെന്നും റോഡുകളുടെ നവീകരണം, മാലിന്യ നിര്‍മാര്‍ജ്ജനം, കുടിവെള്ള ലഭ്യത അടക്കമുള്ള വിഷയങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ബിന്‍സി വ്യക്തമാക്കി.
ഉച്ചകഴിഞ്ഞ് നടന്ന ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ബി. ഗോപകുമാര്‍ വിജയിച്ചു. എല്‍ഡിഎഫിലെ ജിബി ജോണ്‍, എന്‍ഡിഎയിലെ ശങ്കരന്‍ നമ്പൂതിരി എന്നിവരായിരുന്നു എതിര്‍ സ്ഥാനാര്‍ഥികള്‍. എല്‍ഡിഎഫിന് 21 വോട്ടും യുഡിഎഫിന് 22 വോട്ടു ലഭിച്ചതിനാല്‍ വോട്ടെടുപ്പ് വേണ്ടി വന്നില്ല. കൊവിഡ് ബാധിതനായിട്ടും ആംബുലന്‍സിലെത്തി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ സിപിഎം അംഗം എം.ടി മോഹനന്‍ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതെ മടങ്ങുകയായിരുന്നു. കൊവിഡ് ബാധിതനായ ബിജെപി അംഗം അനില്‍ കുമാര്‍ അധ്യക്ഷ ഉപാധ്യക്ഷ തെരഞ്ഞെടുപ്പുകളില്‍ വോട്ടെടുപ്പിന് എത്തിയിരുന്നില്ല. കൊവിഡ് നിരീക്ഷണത്തിലുള്ള കൗണ്‍സലര്‍മാരായ എംപി സന്തോഷ് കുമാര്‍, ബിന്ദു സന്തോഷ് കുമാര്‍, അജിത് ജെ പൂഴിത്തറ എന്നിവര്‍ പിപിഇ കിറ്റ് ധരിച്ചാണ് വോട്ടെടുപ്പിനായി എത്തിയത്. ഇവരെ പ്രത്യേകം മുറിയില്‍ ഇരുത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.