കോട്ടയം: വായ്‌പ എടുത്ത തുക തിരിച്ചടയ്‌ക്കാൻ വൈകി എന്നാരോപിച്ച് ബാങ്കിന്‍റെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്‌മഹത്യ ചെയ്‌ത നിലയില്‍ (Bank Threat, Man Suicide In Home). കുടയം പടിയിൽ ചെരുപ്പ് കട നടത്തുന്ന കുടമാളൂർ അഭിരാമം വീട്ടിൽ ബിനു കെ.എസിയെ (50) ആണ് ഇന്നലെ വൈകുന്നേരം വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാഗമ്പടത്തെ ബാങ്കിൽ നിന്ന് ബിനു എടുത്ത വായ്‌പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതർ ബിനുവിനെ ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിക്കുന്നു.
ഇന്നലെ ബാങ്കിന്‍റെ ആളുകൾ ബിനുവിന്‍റെ കടയിലും വീട്ടിലുമെത്തി ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഇതേ തുടർന്ന് കടയടച്ച് വീട്ടിലേക്ക് പോയ ബിനുവിനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ ഭാര്യയും മക്കളും കണ്ടെത്തുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തിൽ ബിനുവിന്‍റെ കുടുംബം ബാങ്ക് മനേജർക്കെതിരെ പരാതി നൽകി. ബിനു ആത്‌മഹത്യ ചെയ്‌തത് ബാങ്കിന്‍റെ സമ്മർദം മൂലമെന്ന് കുടുംബം ആരോപിക്കുന്നു. ബിനുവുമായി ബാങ്ക് മാനേജർ നടത്തിയ ചാറ്റ് പുറത്തു വിട്ടിട്ടുണ്ട്. വായ്‌പ ഓവർ ഡ്യു ഉണ്ടെന്നു പറഞ്ഞ് ബാങ്കിലെ ആളുകൾ കടയിൽ നിരന്തരം വന്നിരുന്നതായി ബിനുവിന്‍റെ മകൾ പറയുന്നു.
എന്നാൽ ബിനുവിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം ബാങ്ക് അധിക്യതർ നിഷേധിച്ചു. ബിനു ക്യത്യമായി ബാങ്ക് വായ്‌പ അടച്ചിരുന്നയാളാണെന്നാണ് ബാങ്കിന്‍റെ വിശദീകരണം. അവസാനമായി 13 നാണ് താനുമായി ബന്ധപ്പെട്ടത് എന്ന് ബാങ്ക് മാനേജർ പറയുന്നു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിലവിൽ ഈ കേസുമായി ബന്ധപ്പെട്ട് ആരെയും പൊലിസ് അറസ്റ്റ് ചെയ്‌തിട്ടില്ല.
തൃശൂരിലെ കൊരട്ടിയിൽ ജപ്‌തി നോട്ടിസ് (Notice Of Forfeiture) ലഭിച്ചതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് (Tries To Commit Suicide) മൂന്നംഗ കുടുംബം. സഹകരണ ബാങ്കിൽ (Cooperative Bank) നിന്നും കുടുംബം 22 ലക്ഷം രൂപ വായ്‌പ എടുത്തിരുന്നു. വായ്‌പ തിരിച്ചടവ് മുടങ്ങിയതിനാൽ ജപ്‌തി നോട്ടിസ് പതിച്ചിരുന്നു. ഇതിനെ തുടർന്നാണ് ആത്മഹത്യ ശ്രമമെന്നാണ് സൂചന.