കോട്ടയം : മെഡിക്കൽ കോളജിൽ കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ ആശുപത്രിയിലെ സുരക്ഷ ജീവനക്കാരിയെ സസ്പെൻഡ് ചെയ്‌തു. ജാഗ്രത കുറവ് ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം ഗുരുതര സുരക്ഷാവീഴ്‌ച ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ സമിതികളുടെ റിപ്പോർട്ടിലെ കണ്ടെത്തൽ.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സുരക്ഷ ജീവനക്കാരിയെയാണ് സസ്പെൻഡ് ചെയ്‌തിരിക്കുന്നത്. മെഡിക്കൽ കോളജിലെ രണ്ട് അന്വേഷണ സമിതികളുടെ റിപ്പോർട്ടും ഇന്ന് സമർപ്പിക്കും. സംഭവത്തിൽ മെഡിക്കൽ കോളജിൽ സുരക്ഷാവീഴ്‌ച ഉണ്ടായില്ലെന്നാണ് ഇരു റിപ്പോർട്ടുകളും പറയുന്നത്.
ആരോഗ്യ ജോയിന്‍റ് ഡയറക്‌ടർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. ആർഎംഒ പ്രിൻസിപ്പൽ തല സമിതികൾക്കായിരുന്ന് അന്വേഷണ ചുമതല. സെക്യൂരിറ്റി ജീവനക്കാർക്കെതിരെ ഗുരുതര ആരോപണങ്ങൾ നിലനിൽക്കെയാണ് സുരക്ഷാവീഴ്‌ച ഉണ്ടായിട്ടില്ലെന്ന അന്വേഷണ സമിതി കണ്ടെത്തൽ.
ഡിസ്‌ചാർജ് സമയമായതിനാലാണ് വീഴ്‌ച സംഭവിച്ചതെന്നാണ് അന്വേഷണ സംഘങ്ങളുടെ നിഗമനം. അതേസമയം നവജാത ശിശുവിനെ ഇന്ന് ഡിസ്‌ചാർജ് ചെയ്യും. കുഞ്ഞിന് അജയ്യ എന്ന പേരിട്ടതായി ബന്ധുക്കൾ അറിയിച്ചിരുന്നു. രക്ഷകനായി എത്തിയ പൊലീസ് ഓഫീസർ എസ്‌ഐ റിനീഷ് തന്നെയാണ് കുഞ്ഞിന് പേരിട്ടത്.