കോട്ടയം: ഓക്സിജൻ ഉത്പ്പാദനത്തിൽ സ്വയംപര്യാപ്തത നേടി കോട്ടയം മെഡിക്കൽ കോളജ്. രണ്ടു കോടിയിലധികം രൂപ ചെലവഴിച്ച് മെഡിക്കൽ കോളജ് അത്യാഹിതവിഭാഗത്തിനോട് ചേർന്നു സജ്ജമാക്കിയ ഓക്സിജൻ ജനറേറ്റർ പ്ലാന്‍റിന്‍റെ ട്രയൽ റൺ ബുധനാഴ്ച നടക്കും.
ആദ്യഘട്ടത്തിൽ തന്നെ മെഡിക്കൽ കോളജിലേക്ക് വേണ്ട ഓക്സിജന്‍റെ 50 ശതമാനവും ഉത്പാദിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷിക്കുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പറഞ്ഞു. പ്രധാനമന്ത്രിയുടെ പി.എം കെയർ ഫണ്ടിൽനിന്നും രണ്ടു കോടിയോളം രൂപ ഉപയോഗിച്ചാണ് യുഎസിൽ നിന്നും ഓക്സിജൻ പ്ലാന്‍റിനുള്ള യന്ത്രസാമഗ്രികൾ ഇറക്കുമതി ചെയ്തത്.
56 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. 5000 ചതുരശ്ര അടി വിസ്തീർണത്തിലാണ് രണ്ടുനില ഉയരത്തിലുള്ള പ്ലാന്‍റ്. പ്ലാന്‍റ് പൂർണതോതിൽ സജ്ജമാകുന്നതോടെ പ്രതിദിനം 400 സിലിണ്ടർ വരെ ഉത്പാദിപ്പിക്കുവാൻ കഴിയും. ഇത് സംഭരിച്ചു വെക്കുവാൻ കഴിയാത്തത് മൂലം കേന്ദ്രീകൃത ഓക്സിജൻ സംവിധാനത്തിലേക്ക് ബന്ധിപ്പിക്കും.
തീവ്രപരിചരണ വിഭാഗങ്ങൾ, പ്രധാന വാർഡുകൾ, കൊവിഡ് വാർഡുകൾ എന്നിവിടങ്ങളിലെ കിടക്കകൾക്കരികിൽ ട്യൂബ് വഴി ഓക്സിജൻ എത്തിക്കുവാൻ കഴിയുമെന്ന് മെഡിക്കൽ കോളജിലെ ബയോമെഡിക്കൽ എൻജിനീയർ ജോബി മാത്യു പറഞ്ഞു.
കൂടുതൽ വായനയ്ക്ക്: ലതിക സുഭാഷിനും ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചു
കോട്ടയം മെഡിക്കൽ കോളജിലേക്ക് ആവശ്യമുള്ള ഓക്സിജൻ നിലവിൽ കൊച്ചിയിൽ നിന്നാണ് എത്തിച്ചിരുന്നത്. പ്രകൃതിക്ഷോഭ സാഹചര്യങ്ങളിലും മറ്റ് ട്രാൻസ്പോർട്ടിങ് കാലതാമസം ഉണ്ടാകുകയോ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാവുകയോ ചെയ്യുമ്പോഴൊക്കെയും മെഡിക്കൽ കോളജിൽ ഓക്സിജൻ ഷോട്ടേജ് അനുഭവപ്പെട്ടിരുന്നു. പുതിയ പ്ലാന്‍റ് സജ്ജമാകുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും.
കൊവിഡ് വ്യാപന കാലഘട്ടത്തിൽ രാജ്യത്തെമ്പാടുമുള്ള ആശുപത്രികളിൽ ഓക്സിജൻ ലഭ്യത കുറയുന്നതുമൂലം രോഗികൾ മരണത്തിനു കീഴടങ്ങുന്ന കാഴ്ച ഓരോ മനസിനെയും വേദനിപ്പിക്കുമ്പോഴാണ് രാജ്യത്തിനു തന്നെ മാതൃകയായി കോട്ടയം മെഡിക്കൽ കോളജിൽ ഓക്സിജൻ പ്ലാന്‍റ് പ്രവർത്തനസജ്ജമാകുന്നത്.