കോട്ടയം: ചങ്ങനാശേരി തുരുത്തി മിഷൻ പള്ളിക്ക് സമീപം സ്‌കൂട്ടറിൽ ടിപ്പറിടിച്ച് യുവാവിന് ദാരുണാന്ത്യം. പെരുന്ന വെസ്റ്റ് പനച്ചിക്കാവ് സ്വദേശി രതീഷ് (34) ആണ് മരിച്ചത്. എംസി റോഡിൽ തുരുത്തി ബിഎസ്എൻ ജംഗ്ഷനു സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.
ചങ്ങനാശേരി ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേക്ക് ഒരേ ദിശയിൽ പോകുകയായിരുന്നു സ്‌കൂട്ടറും, ടിപ്പറും. എതിർ ദിശയിൽ നിന്നും ആംബുലൻസ് വരുന്നത് കണ്ട് സൈഡിലേക്ക് മാറ്റുന്നതിനിടെ സ്‌കൂട്ടർ ടിപ്പറിൽ ഇടിച്ച് ടിപ്പറിന്‍റെ അടിയിൽ പെടുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ടിപ്പറിന്‍റെ അടിവശത്തെക്ക് വീണ രതീഷിന്‍റെ തലയിൽ പിൻവശത്തെ ചക്രം കയറിയിറങ്ങിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. വിവരമറിഞ്ഞ് ചങ്ങനാശേരി പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.