കോട്ടയം: ആണുങ്ങൾ പെൺ വേഷം കെട്ടുന്ന ചമയവിളക്കിനെക്കുറിച്ച് എല്ലാവർക്കും അറിയാം. എന്നാൽ പുരുഷന്മാരുടെ താലമെടുപ്പും താലം തുള്ളലും നടത്തുന്ന ഒരു ക്ഷേത്രം കോട്ടയത്തുണ്ട്. കോട്ടയം രാമപുരത്തെ കുറിഞ്ഞിക്കാവാണ് അപൂർവമായ ആചാരം കൊണ്ട് വ്യത്യസ്‌തമാകുന്നത്.
കുറിഞ്ഞിക്കാവ് വനദുർഗാ ദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് പുരുഷന്മാരുടെ താലമെടുപ്പും താലം തുള്ളലും നടന്നത്. കളമെഴുത്തും പാട്ടിനും ശേഷം ചെണ്ടമേളത്തിന്‍റെ അകമ്പടിയിൽ പുരുഷന്മാർ താലമെടുത്ത് ശ്രീകോവിലിന് മൂന്ന് പ്രദക്ഷിണം വയ്ക്കും. അതിനു ശേഷം ക്ഷേത്ര മൈതാനത്ത് പ്രത്യേകം ഒരുക്കിയ പിണ്ടി വിളക്കിന് പ്രദക്ഷിണം വച്ച ശേഷം താലം തുള്ളൽ ആരംഭിച്ചു. ഒറ്റക്കാലിൽ ഒരു പ്രത്യേക താളത്തിൽ താലം തലയ്ക്കു മുകളിൽ പിടിച്ച് നൃത്തം ചവിട്ടുന്നതാണ് താലം തുള്ളൽ. ചെണ്ട മേളത്തിന്‍റെ അകമ്പടിയോടെയുള്ള താലം തുള്ളൽ മണിക്കൂറുകൾ നീളും.
താലം തുള്ളലിനു ശേഷം പാണ്ടിമേളം കഴിഞ്ഞ് ചെമ്പടയോട് കൂടി പാട്ടമ്പലത്തിന്‍റെ മുറ്റത്തേയ്ക്ക് പ്രവേശിച്ച് കളംകണ്ട് തൊഴീലും കളം പാട്ടും നടത്തും. തുടർന്ന് താലസദ്യയും നടത്തുന്നതോടെയാണ് ചടങ്ങ് അവസാനിക്കുക. ചൊവ്വാഴ്‌ച ദീപാരാധനയ്ക്ക് ശേഷം നടന്ന പൂരം, ഇടി ചടങ്ങിനെ തുടർന്ന് ഏഴു ദിവസം ക്ഷേത്രത്തിൽ പൂജകളില്ല. ഇനി 12 തീയതിയാണ് നടതുറക്കുക.
Also Read: തോളിലേറി എടുപ്പുകുതിരകള്‍, താളത്തില്‍ തുള്ളി കെട്ടു കാളകള്‍; മനം നിറച്ച് മലനട കെട്ടുകാഴ്‌ച
പിന്നിലെ ഐതിഹ്യം: അസുരന്മാർ സ്ത്രീകളെ അക്രമിച്ചപ്പോൾ രക്ഷയ്ക്കായി സ്ത്രീകൾ പാർവതി ദേവിയെ വിളിച്ച് പ്രാർഥിച്ചു. പാർവതി ദേവി അസുരന്മാരെ വാളുകൊണ്ട് വെട്ടി നിഗ്രഹിച്ചു. എന്നാൽ അതിന് ശേഷം കലിയടങ്ങാതെ ദേവി കണ്ണിൽ കണ്ട പുരുഷന്മാരെയെല്ലാം വെട്ടി. ഇതോടെ ഭക്തർ ശിവനെ പ്രാർഥിക്കുകയും ദേവിയുടെ കോപം ശമിപ്പിക്കാൻ ശിവൻ അന്തിമഹാകാളന്‍റെ രൂപത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്‌തു.
ഇത് തിരിച്ചറിയാതെ ദേവി അന്തിമഹാകാളന്‍റെ കൈയും കാലും വെട്ടി. എന്നാല്‍ അന്തിമഹാകാളനായി വന്നത് ഭഗവാനാണെന്ന് തിരിച്ചറിഞ്ഞ ദേവി വെട്ടുകൊണ്ട പാദം നിലത്ത് വീഴാതെ പിടിക്കുകയും ചെയ്‌തു. വെട്ടേറ്റ അന്തിമഹാകാളൻ ഒറ്റക്കാലിൽ പ്രത്യേക താളത്തിൽ നൃത്തരൂപേണ മൂന്ന് ചുവട് വച്ച് ആടിയതോടെ ദേവിയുടെ കോപം ശമിച്ചുവെന്നാണ് ഐതിഹ്യം. ഈ ഐതിഹ്യത്തിന്‍റെ ഭാഗമായാണ് കാലങ്ങളായി ഈ ചടങ്ങ് നടക്കുന്നത്.