കോട്ടയം: ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള കേരള കോൺഗ്രസ് തർക്കം രൂക്ഷമാകുന്നു. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കണമെന്ന യുഡിഎഫ് നിലപാട് ജോസ്.കെ മാണി തള്ളിയതിന് പിന്നാലെ ജോസിന് പിന്തുണയുമായി ഉമ്മൻ ചാണ്ടി രംഗത്തെത്തി. ഇരുപക്ഷവും പറഞ്ഞ വിഷയങ്ങളില്‍ ഇനിയും ചർച്ചകൾ ആവശ്യമുണ്ടെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു. യുഡിഎഫ് മുന്നോട്ട് വച്ചത് ഒരു അഭ്യർഥന മാത്രമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ജോസ്.കെ മാണി വിഭാഗത്തിന്‍റെ രാജിക്ക് ശേഷം മാത്രം ചർച്ച മതിയെന്നായിരുന്നു യുഡിഎഫ് നിലപാട്. തർക്കത്തില്‍ ചർച്ച തുടരുമെന്ന ഉമ്മൻചാണ്ടിയുടെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് ജോസ്.കെ മാണിയും പ്രതികരിച്ചു. കോട്ടയത്തേത് പ്രാദേശിക വിഷയം മാത്രമാണെന്നും ജോസ്.കെ മാണി കൂട്ടിച്ചേർത്തു.
അതേസമയം, തർക്കത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പി.ജെ ജോസഫ്. ചർച്ചകൾ തുടരുമെന്ന ഉമ്മൻചാണ്ടിയുടെ നിലപാട് പി.ജെ ജോസഫ് തള്ളി. രാജിക്ക് ശേഷം മാത്രം മതി ചർച്ചയെന്ന നിലപാടിലാണ് പി.ജെ ജോസഫ്.
കേരളാ കോൺഗ്രസ് വിഷയത്തിൽ മുന്നണിയിലും, കോൺഗ്രസിലും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായ സാഹചര്യത്തിൽ അധികാര തർക്കം മറ്റൊരു തലത്തിലേക്ക് കടക്കാനും സാധ്യതയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോട്ടയത്ത് ജോസ്.കെ മാണിയെ കൂടെ നിർത്താനാണ് ഉമ്മൻ ചാണ്ടി ശ്രമം. ഇടത് പാളയത്തിലേക്ക് ചേക്കേറാനുള്ള ചർച്ചയിലാണ് ജോസ് കെ മാണിയെന്നും സൂചനയുണ്ട്.