കോട്ടയം: കടുത്തുരുത്തിയിൽ വീടുകയറിയുള്ള ആക്രമണത്തിനിടെ യുവാവ് അടിയേറ്റ് കൊല്ലപ്പെട്ടു. കാട്ടാമ്പാക്ക് പുലിക്കുന്നേൽ സജി ഭാസ്കരനാണ് മരിച്ചത്. ഇയാള്‍ നിരവധി ക്രിമിനൽക്കേസിൽ പ്രതിയാണ്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം.
സജിയുടെ ഭാര്യയും കുട്ടികളും നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തിൽ സജി സംശയിച്ചിരുന്നത് അയൽവാസിയായ ബേബിയേയും കുടുംബത്തെയുമായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ സംഘർഷം പതിവായിരുന്നു.
വെള്ളിയാഴ്ച വൈകിട്ടോടെ സജി ബേബിയുടെ വീട്ടിലേക്ക് കയറി ചെല്ലുകയും കുടുംബത്തെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടിൽ ബേബിയുടെ ഭാര്യ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവർ ബഹളം വച്ചതോടെ ബേബിയുടെ സഹോദരങ്ങൾ സ്ഥലത്തേയ്ക്ക് ഓടിയെത്തി. തുടർന്നുണ്ടായ പിടിവലിയ്ക്കിടെയാണ് മരണം സംഭവിച്ചതെന്ന് കടുത്തുരുത്തി പൊലീസ് പറഞ്ഞു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റ് കിടക്കുന്ന ബേബിയുടെ ഭാര്യയെയും സഹോദരങ്ങളെയും കണ്ടെത്തിയത്. തുടർന്നു ഇവരെ ആശുപത്രിയിൽ എത്തിച്ചു. മരിച്ച സജിയുടെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.
ALSO READ ഗവര്‍ണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി; ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ ആവശ്യം