കോട്ടയം: കേരള കോൺഗ്രസിലെ അധികാരത്തർക്കം കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കും. ജോസ് കെ മാണിയും പിജെ ജോസഫും പ്രത്യേകം സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെയാണ് അധികാരത്തർക്കം യുഡിഎഫിനെയും പ്രതിസന്ധിയിലാക്കിയത്. കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നതോടെ കോറം തികയാത്തതിനാല്‍ തെരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റിവെച്ചു. വിഷയത്തിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇരുവിഭാഗത്തെയും സമീപിച്ചിരുന്നു.
ഇന്നത്തെ തെരഞ്ഞെടുപ്പിൽ നിന്നും കോൺഗ്രസ് വിട്ടു നിൽക്കുമെന്ന് പറഞ്ഞ കോട്ടയം ഡിസിസി പ്രസിഡന്‍റ് ജോഷി കെ ഫിലിപ്പ് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി തിരുവനന്തപുരത്തേക്ക് പോയി. അന്തിമ തീരുമാനമെടുക്കേണ്ടത് യുഡിഎഫ് സംസ്ഥാന നേതൃത്വമാണ്. സംസ്ഥാന നേതൃത്വം ഇടപെട്ട് ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. നാളെ രാവിലെ 11ന് തെരഞ്ഞെടുപ്പ് നടക്കുമെന്നും കോറം ബാധകമായിരിക്കില്ലെന്നും ജില്ലാ വരണാധികാരി പറഞ്ഞു.