കോട്ടയം: പ്രവാസികളും മറുനാടൻ മലയാളികളും എത്തിത്തുടങ്ങിയതോടെ കോട്ടയം ജില്ലയിൽ കനത്ത ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തിയവരിൽ 94 പേരാണ് കോട്ടയം ജില്ലക്കാർ. ഇതിൽ 61 പേര്‍ വിടുകളിൽ സമ്പർക്കമൊഴിവാക്കി കഴിയുകയാണ്. 33 പേരാണ് സർക്കാർ നിർദ്ദേശപ്രകാരമുള്ള നിരീക്ഷണ കേന്ദ്രത്തിലുള്ളത്. കോതനല്ലൂർ തൂവാനീസ റിട്രീറ്റ് സെന്‍ററിലാണ് ഇവർ നിരീക്ഷണത്തിലുള്ളത്. കുവൈറ്റ്, മസ്ക്കറ്റ് എന്നിവിടങ്ങളിൽ നിന്നെത്തിയ 15 പേരെയാണ് സർക്കാർ നിരീക്ഷണ കേന്ദ്രത്തിലാക്കിയിരിക്കുന്നത്.
ഗൾഫിൽ നിന്നെത്തിയ രണ്ട് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കോട്ടയത്ത് നിരീക്ഷണത്തിലുള്ളവരിൽ 17 പേരെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരിൽ 939 പേരാണ് കോട്ടയം ജില്ലക്കാർ. ഇതിൽ 434 പേർ റെഡ് സോണിൽ നിന്ന് വന്നതാണന്നും കണ്ടെത്തി. ഇവരും കർശന നിരീക്ഷണത്തിലാണ്. നിലവിൽ വിദേശത്ത് നിന്നെത്തി പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ ശ്രവ സാമ്പിളുകൾ പരിശോധിച്ചിട്ടില്ല. രോഗലക്ഷണമുള്ളവർക്ക് മാത്രം ഇപ്പോൾ പരിശോധന നടത്തും. മറ്റുള്ളവരുടെ പരിശോധന ക്വാറന്‍റൈൻ അവസാനിക്കുന്ന ദിവസത്തിൽ നടത്തും. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കായി 1,711 പാസുകളാണ് ജില്ലാ ഭരണകൂടം നൽകിയിരിക്കുന്നത്. 1104 പാസുകളാണ് പരിഗണനയിലുള്ളതും.