കോട്ടയം: പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ഥി തര്‍ക്കത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എമ്മിനെ വിമര്‍ശിച്ച് സിപിഐ. കേരള കോണ്‍ഗ്രസ് തദ്ദേശ സ്ഥാപനങ്ങളില്‍ ധാരണ പാലിക്കുന്നില്ലെന്ന് സിപിഐ ജില്ല സെക്രട്ടറി അഡ്വ. വി ബി ബിനു ആരോപിച്ചു. ധാരണ അനുസരിച്ച് അവര്‍ രാജി വയ്‌ക്കേണ്ട സ്ഥലങ്ങളില്‍ രാജി വയ്‌ക്കുന്നില്ലെന്നും ഇന്ന് രാജിവയ്ക്കാം നാളെ രാജിവയ്‌ക്കാമെന്ന് പറഞ്ഞ് ഒഴിയുകയാണെന്നും വി ബി ബിനു പറഞ്ഞു.
പാലാ നഗരസഭയില്‍ ചെയര്‍മാന്‍ ആരാകണമെന്നതില്‍ സിപിഎമ്മാണ് തീരുമാനിക്കേണ്ടതെന്ന് തര്‍ക്കം മുന്‍നിര്‍ത്തി അദ്ദേഹം പറഞ്ഞു. മറ്റ് പാര്‍ട്ടികള്‍ ഇതില്‍ അഭിപ്രായം പറയുന്നത് ശരിയല്ല. ധാരണകള്‍ പാലിക്കാതെയുള്ള ഒരു കുറുക്കുവഴിയും കേരള കോണ്‍ഗ്രസിന് അനുവദിക്കുകയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, കേരള കോണ്‍ഗ്രസ് എമ്മിന്‍റെ സമ്മര്‍ദത്തിന് സിപിഎം വഴങ്ങിയേക്കുമെന്നാണ് സൂചന. സിപിഎമ്മിന്‍റെ ചിഹ്നത്തില്‍ വിജയിച്ച ഏക കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടത്തിനെ ചെയർമാൻ ആക്കാനുള്ള നടപടിയെ കേരള കോൺഗ്രസ് എം. എതിർത്തതോടെയാണ് തർക്കം ഉടലെടുത്തത്. കഴിഞ്ഞ 2020 മാർച്ചിൽ കൗൺസിൽ യോഗത്തിനിടെ നടന്ന തർക്കത്തിൽ ബിനു പുളിക്കകണ്ടം കേരള കോൺഗ്രസ് എമ്മിന്‍റെ ബൈജു കൊല്ലംപറമ്പിലിനെ മർദിച്ച വിഷയവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിനിടയിലും ഭിന്നതകൾ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
ഈ പോര് തുടരുന്നതിനിടെയാണ് ബിനു പുളിക്കകണ്ടത്തിനെ ചെയർമാൻ സ്ഥാനത്തേക്ക് സിപിഎം നിർദേശിച്ചത്. ഇതോടെ ഇരുവിഭാഗത്തിനിടയിൽ ഭിന്നതകൾ രൂക്ഷമായി. ബിനു പുളിക്കകണ്ടത്തിനെ ചെയർമാൻ ആക്കാതിരിക്കാൻ 2020ല്‍ നടന്ന അക്രമണത്തിലെ പുതിയ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ കേരള കോൺഗ്രസ് എം പുറത്തുവിട്ടിരുന്നു.
അതിനിടയിലാണ് കേരള കോൺഗ്രസ് എം ഭരണമാറ്റം സംബന്ധിച്ച് എൽഡിഎഫും ഘടകകക്ഷികളും തമ്മിൽ ഉണ്ടാക്കിയ ഉടമ്പടി പാലിക്കുന്നില്ലന്ന് സിപിഐ ആരോപിക്കുന്നത്. കോട്ടയത്ത് കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ അടക്കം ധാരണ അനുസരിച്ച് പ്രസിഡന്‍റ് സ്ഥാനം രാജിവയ്‌ക്കാൻ കേരള കോൺഗ്രസ് എം വിമുഖത കാണിക്കുന്നതായി സിപിഐ ജില്ല സെക്രട്ടറി വി ബി ബിനു ആരോപിച്ചു.