കോട്ടയം: ജില്ലയിൽ ആശങ്ക ഉയർത്തി കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. പുതുതായി 211 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. 211 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചതും.
ഇതോടെ രോഗ ബാധിതരായി ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടായിരം കടന്നു. 2056 പേരാണ് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളത്. 19,340 പേർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നു. അതെ സമയം ചികിത്സയിലുണ്ടായിരുന്ന 92 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.
കോട്ടയം മുൻസിപ്പാലിറ്റിയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. പുത്തനങ്ങാടിയിലെ സ്വകാര്യ സ്ഥാപനത്തിലെ 11 പേരുൾപ്പെടെ 45 പേർക്കാണ് മുൻസിപ്പാലിറ്റി പരിധിയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. അതിരമ്പുഴ ഗ്രാമപഞ്ചായത്തിലും സ്ഥിതി ഗുരുതരമായി മാറി. അതിരമ്പുഴയിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലെ 17 ജീവനക്കാരുൾപ്പെടെ 24 പേർക്ക് ഗ്രാമപഞ്ചായത്ത് പരിധിയിലും രോഗം സ്ഥിരീകരിച്ചു. മീനടം ഗ്രാമപഞ്ചായത്തിൽ 14 പേർക്കും, പാമ്പാടി ഗ്രാമപഞ്ചായത്തിൽ 12 പേർക്കും രോഗം സ്ഥിരീകരിച്ചു. കൂരോപ്പട മേഖലയിൽ പത്ത് പേർക്ക് , മണർകാട് ഒമ്പത് പേർക്ക്, കുറിച്ചി, വാഴപ്പള്ളി എന്നിവിടങ്ങളിലായി എട്ട് പേർക്കു വീതം, നെടുംകുന്നം ചങ്ങാനാശേരി എന്നിവിടങ്ങളിൽ ഏഴ് പേർക്കു വീതം, മാടപ്പള്ളി പനച്ചിക്കാട് എന്നിവിടങ്ങളിലായി അഞ്ച് പേർക്ക് വീതവും രോഗം സ്ഥിരീകരിച്ചു.