കോട്ടയം: ജില്ലയില്‍ കൊവിഡ് രോഗം പടരുന്ന സാഹചര്യത്തില്‍ കണ്ടെയ്ൻമെന്‍റ് സോണുകളുടെ എണ്ണം കൂട്ടി. ഒൻപത് പഞ്ചായത്തുകളിലായി 11 കണ്ടെയ്ൻമെന്‍റ് സോണുകളാണ് നിലവിലുള്ളത്. സമ്പർക്ക രോഗികളുടെ എണ്ണത്തിലെ വർധനവും ജില്ലയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സമ്പർക്ക രോഗികൾ കൂടുതലുള്ള കാഞ്ഞിരപ്പള്ളി പാറത്തോട് പഞ്ചായത്തിലെ ഏഴ്, എട്ട്, ഒൻപത് വർഡുകൾ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ഇരുപതിലധികം പേർക്കാണ് ഇവിടെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
മണർകാട് ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡ്, അയ്‌മനം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡ്, കടുത്തുരുത്തി, ഉദയനാപുരം ഗ്രാമ പഞ്ചായത്തുകളിലെ പതിനാറാം വാർഡ്, തലയോലപ്പറമ്പിലെ നാലാം വർഡ്, കുമരകം പഞ്ചായത്തിലെ നാലാം വാർഡ്, പള്ളിക്കത്തോട് പഞ്ചായത്തിലെ ഏഴാം വാർഡ്, ആലപ്പുഴ ജില്ലയോട് അതിർത്തി പങ്കിടുന്ന വൈക്കം ടി.വി പുരം ഗ്രാമ പഞ്ചായത്തിലെ പത്താം വർഡ് എന്നിവയാണ് നിലവിൽ കണ്ടെയ്ൻമെന്‍റ് സോണിലുള്ളത്. സമ്പർക്ക രോഗികൾ ജില്ലയിൽ കൂടി വരുന്ന സാഹചര്യത്തിൽ കണ്ടെയ്ൻമെന്‍റ് സോണുകളുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ട്.