കോട്ടയം: ആഴ്ചകൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവില്‍ ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ വി.എം സിറാജ് രാജിവെച്ചു. നഗരസഭാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതലയുള്ള സജി വിക്രമിനാണ് രാജിക്കത്ത് കൈമാറിയത്. ഇതോടെ യുഡിഎഫിനുള്ളില്‍ രൂപപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരമായി. ജൂണ്‍ 10ന് അവിശ്വാസ പ്രമേയം പരിഗണിക്കാനിരിക്കെയാണ് സിറാജിന്‍റെ രാജി. മുന്‍ധാരണ പ്രകാരം മെയ് 15ന് രാജി വയ്ക്കേണ്ടിയിരുന്ന ചെയര്‍മാന്‍ 16 ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് രാജിവച്ചത്. രാജി വൈകിയതില്‍ കോൺഗ്രസിനുള്ളില്‍ തന്നെ കടുത്ത അതൃപ്തി ഉയർന്നിരുന്നു. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പരസ്യമായി ചെയര്‍മാനെ തള്ളി പറയുകയും പിന്തുണ പിന്‍വലിക്കുകയും ചെയ്തു. കോൺഗ്രസിലെയും ലീഗിലെയും ഭിന്നതകൾ പുറത്ത് വരാനും ഇത് കാരണമായി. ഇതിനിടെ സിറാജിനെതിരെ എല്‍ഡിഎഫ് അവിശ്വാസം കൊണ്ടു വരികയും കോണ്‍ഗ്രസ് അംഗങ്ങള്‍ ഇതില്‍ ഒപ്പുവയ്ക്കുകയും ചെയ്തതോടെ ചെയർമാൻ കൂടുതല്‍ പ്രതിസന്ധിയിലായത്.
വി.എം സിറാജ് രാജിവെച്ചതിന് പിന്നാലെ നഗരസഭയ്ക്ക് മുന്നില്‍ നാടകീയ സംഭവങ്ങളും അരങ്ങേറി. മുന്‍പ് ചെയര്‍മാനെതിരെ പരാതി നല്‍കിയ വനിത സ്ഥലത്ത് എത്തിയതോടെ സിറാജും ഇവരും തമ്മില്‍ വാക്കു തർക്കമുണ്ടായി. തുടർന്ന് പൊലീസ് എത്തി പ്രശ്നം പരിഹരിച്ചു. നേരത്തെ ചെയർമാനെതിരെ ഇവർ രണ്ട് പരാതി നല്‍കിയിരുന്നു. ആദ്യ പരാതി തള്ളി പോയെങ്കിലും രണ്ടാമത്തെ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. ജാതിപേര് വിളിച്ചെന്നായിരുന്നു പരാതി.
നഗരസഭാ ചെയര്‍മാന്‍ മുന്‍ധാരണ പ്രകാരം രാജിവെച്ചൊഴിഞ്ഞതോടെ താല്‍കാലിക ചുമതല വൈസ് ചെയര്‍പേഴ്‌സണ് ലഭിക്കും. പത്തൊൻപതാം വാര്‍ഡ് അംഗമായ ബല്‍ക്കീസ് നവാസാണ് വൈസ് ചെയര്‍പേഴ്‌സണ്‍. ആദ്യകാലയളവില്‍ വൈസ് ചെയര്‍പേഴ്‌സണായിരുന്ന കുഞ്ഞുമോള്‍ സിയാദിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയതോടെയാണ് ഇടതുപക്ഷതതായിരുന്ന ബലക്കീസ് ലീഗ് സഖ്യത്തിലൂടെ വൈസ് ചെയര്‍പേഴ്‌സണായത്.