കോട്ടയം: അയ്‌മനം കല്ലുങ്കത്ര പള്ളിയുടെ കൈവശാവകാശ കേസില്‍ മുന്‍സിഫ് കോടതി വിധി വന്നതിനെ തുടര്‍ന്ന് പള്ളിയില്‍ പ്രവേശിക്കുവാനെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് മറുവിഭാഗത്തിന്‍റെ എതിര്‍പ്പ്. പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയ വിശ്വാസികള്‍ ഗേറ്റിന് പുറത്ത് നിന്ന് പ്രാര്‍ഥന നടത്തി മടങ്ങി. ഇന്ന് (സെപ്‌റ്റംബര്‍ 16) രാവിലെ 10.30നാണ് സംഭവം.
കല്ലുങ്കത്ര പള്ളി വികാരിയായി ഓർത്തഡോക്‌സ് വിഭാഗം നിയമിച്ചിട്ടുള്ള ഭദ്രാസന സെക്രട്ടറി ഫാ. കെ എം സഖറിയയുടെ നേതൃത്വത്തിലാണ് വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിക്കാനെത്തിയത്. എന്നാല്‍ വിശ്വാസികള്‍ എത്തുന്ന വിവരമറിഞ്ഞ യാക്കോബായ വിഭാഗം നേരത്തെ തന്നെ പള്ളിയിലെത്തി ഉപരോധം തുടങ്ങി. ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്തെത്തിയിരുന്നത്.
സംഘത്തിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് അകത്ത് കടക്കാനാവാത്ത ഓര്‍ത്തഡോക്‌സ് വിഭാഗം പൊലീസുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം ഗേറ്റിന് പുറത്ത് നിന്ന് പ്രാര്‍ഥന നടത്തി മടങ്ങി. ഫാ.തോമസ് കണ്ടാന്തറ , ഫാ.തോമസ് വേങ്കടത്ത് , ഫാ.കുര്യാക്കോസ് കുറിച്ചിമല എന്നീ വൈദീകരുടെ നേതൃത്തിലാണ് പ്രാര്‍ഥന നടത്തിയത്.
200 വര്‍ഷത്തിലേറെ പഴക്കമുള്ള കല്ലുങ്കത്ര സെന്‍റ് ജോര്‍ജ് പള്ളിയുടെ കൈവശാവകാശം മുൻസിഫ് കോടതി ഓർത്തഡോക്സ് വിഭാഗത്തിന് നൽകി. ഇതാണ് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടാവാന്‍ കാരണമായത്. അതേ സമയം പള്ളി വിട്ട് നല്‍കില്ലെന്ന നിലപാടിലാണ് യാക്കോബായ നേതൃത്വം.
നിയമം നടപ്പിലാക്കാന്‍ പൊലീസിന്‍റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് ഓര്‍ത്തഡോക്‌സ് നേതൃത്വം ആരോപിച്ചു.