കോട്ടയം: മികച്ച ഭൗതിക ചുറ്റുപാട്, കുട്ടികള്‍ക്കായി അടുക്കളത്തോട്ടം, മാലിന്യസംസ്‌കരണസംവിധാനം, ശുദ്ധമായ കുടിവെള്ളം... മീനച്ചില്‍ ഗ്രാമപഞ്ചായത്തിലെ കൊച്ചുകൊട്ടാരം അങ്കണവാടിയിലെ സൗകര്യങ്ങളുടെ നിര ഇങ്ങനെ പോകുന്നു. ഇതിനൊപ്പം ശിശുസൗഹൃദ അന്തരീക്ഷം കൂടി കണക്കിലെടുത്ത് സ്വച്ഛ് ഭാരത് മിഷന്‍ സ്വച്ഛതാ ഹി സേവാ ക്യാമ്പയനിന്‍റെ ഭാഗമായി നടത്തിയ ജില്ലാതല സ്വച്ഛ സുന്ദര്‍ അങ്കണവാടി പുരസ്‌കാരത്തിനും സ്ഥാപനം തെരഞ്ഞെടുത്തു.
ആറ് സെന്‍റ് ഭൂമിയില്‍ രണ്ടു കെട്ടിടങ്ങളിലായി കുട്ടികളുടെ പഠനമുറി, അടുക്കള, കളിയുപകരണങ്ങള്‍ വയ്ക്കുന്നതിനുള്ള സംവിധാനം, ശുചിമുറികള്‍ തുടങ്ങിയവ സജ്ജീകരിച്ചിരിക്കുന്നു. അടുക്കളയില്‍ മാലിന്യ നിർമാര്‍ജന സംവിധാനമുണ്ട്. ജൈവ മാലിന്യസംസ്‌കരണത്തിനായി പൈപ്പ് കമ്പോസ്റ്റ്, ബിന്നുകള്‍ തുടങ്ങിയവ പഞ്ചായത്തിന്‍റെ സഹകരണത്തോടെ സ്ഥാപിച്ചിരിക്കുന്നു.
അജൈവമാലിന്യങ്ങള്‍ എല്ലാ മാസവും ഹരിത കര്‍മ സേനക്ക് കൈമാറും. സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതി സംബന്ധിച്ച് അങ്കണവാടി മുഖേന ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുകയും ചെയ്തു. നിലവില്‍ 13 കുട്ടികളാണുള്ളത്. കിണര്‍ വെള്ളം ശുദ്ധീകരിച്ചാണ് ഇവര്‍ക്കു നല്‍കുന്നത്. മാതാപിതാക്കളുടെ സഹകരണത്തോടെയാണ് ജൈവ അടുക്കളത്തോട്ടം ഒരുക്കിയത്.