ബിരുദം നേടിയതിന് ശേഷം വക്കീലായ കെ എം മാണി കോണ്‍ഗ്രസ് പ്രവര്‍ത്തകനായി. കോണ്‍ഗ്രസ് നേതാവായിരുന്ന പിടി ചാക്കോയുടെ നിര്യാണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും വിട്ടുപോയവര്‍ 1964 ഒക്ടോബര്‍ എട്ടിന് കേരള കോണ്‍ഗ്രസിന് ജന്മം നല്‍കി. കെ എം ജോര്‍ജായിരുന്നു ആദ്യ ചെയര്‍മാന്‍. അടുത്ത വര്‍ഷം കെ എം മാണി കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസിലെത്തി. 1965ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പാലയില്‍ നിന്നും മാണി നിയമസഭയിലെത്തി. പിന്നെ മരണം വരെ പാല മാണിയേയും മാണി പാലയേയും കൈവിട്ടില്ല.
മാണി പാര്‍ട്ടിയുടെ മുഖ്യ ചുമതലയില്‍ വരുന്നത് 1971ലാണ്. കേരള കോണ്‍ഗ്രസിന്‍റെ ഓഫീസിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനം. പിന്നെ മാണി കേരള കോണ്‍ഗ്രസില്‍ ചരിത്രം രചിക്കുകയായിരുന്നു. പാര്‍ട്ടി മാണിയുടെ നിയന്ത്രണത്തിലായി. 1975ലാണ് മാണി ധനകാര്യ മന്ത്രിയാവുന്നത്. ഇന്ദിരഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസ് വിരുദ്ധ ചേരിയിലായിരുന്നു കേരള കോണ്‍ഗ്രസ്. പിന്നീട് കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായി. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് 20 സീറ്റാണ് കിട്ടിയത്. 1980ല്‍ എ കെ ആന്‍റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ ആന്‍റണി പക്ഷം ഇടത്തേക്ക് നീങ്ങിയപ്പോള്‍ കെ എം മാണിയും പി ജെ ജോസഫിന്‍റെയും നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസും ഒപ്പം നിന്നു. 1980ല്‍ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ കെ എം മാണിയും അംഗമായി. 1987ല്‍ പി ജെ ജോസഫും കൂട്ടരും മാണിയെ വിട്ട് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പുണ്ടാക്കി. 89ല്‍ പി ജെ ജോസഫും കൂട്ടരും ഇടത്തേക്ക് മാറി. പിന്നെ ഒടുവില്‍ ജോസഫ് ഗ്രൂപ്പ് വിട്ട് മാണിയില്‍ തിരിച്ചെത്തി. 1982ല്‍ യുഡിഎഫ് മുന്നണിക്ക് രൂപം കൊടുക്കാന്‍ മുഖ്യപങ്ക് വഹിച്ചതും കെ എം മാണിയാണ്. യുഡിഎഫ് വിട്ട് മാണി പുറത്ത് പോയപ്പോഴും മാണിയുടെ വാക്കുകള്‍ക്ക് യുഡിഎഫ് പ്രാധാന്യം കൊടുത്തു. ലീഗ് കഴിഞ്ഞാല്‍ യുഡിഎഫിലെ ഏറ്റവും പ്രബല കക്ഷിയാണ് കേരള കോണ്‍ഗ്രസ്. ബാര്‍ കോഴ വിവാദത്തോടെ യുഡിഎഫില്‍ മാണി ഒറ്റപ്പെട്ടുവെങ്കിലും മാണിയെ കൂടാതെ യുഡിഎഫ് ഇല്ലായിരുന്നു. കോണ്‍ഗ്രസുമായി കൂട്ടുകെട്ട് നിലനിര്‍ത്തിയും ആവശ്യം വന്നാല്‍ സിപിഎം ബന്ധം കൂടിയും അധികാരത്തില്‍ തുടരുന്ന രാഷ്ട്രീയ കൗശലമായിരുന്നു മാണിയുടേത്.