കോട്ടയം: കെവിൻ കൊലക്കേസിൽ നീനുവിന്‍റെ സഹോദരൻ ഷാനുവടക്കം പത്ത് പ്രതികൾ കുറ്റം ചെയ്തുവെന്ന് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തി. കെവിൻ കേസ് ദുരഭിമാനക്കൊലയാണെന്ന പ്രോസിക്യൂഷൻ വാദം കോടതി ശരിവച്ചു.
കേസിൽ ഒന്നാം പ്രതി നീനുവിന്‍റെ സഹോദരന്‍ സാനു ചാക്കോ, രണ്ടാം പ്രതി നിയാസ്, മൂന്നാം പ്രതി ഇഷാന്‍ ഇസ്മയില്‍, നാലാം പ്രതി റിയാസ്, ആറും ഏഴും പ്രതികളായ മനു മുരളീധരൻ, ഷിഫിൻ, എട്ടാം പ്രതി നിഷാദ് ഒമ്പതാം പ്രതി ടിറ്റു ജറോം പതിനൊന്നും പന്ത്രണ്ടും പ്രതികളായ ഷാനു ഷാജഹാൻ, ഷിജു ഷാജഹാൻ എന്നിവർക്കെതിരെ കൊലപാതകം, ഗൂഢാലോചന, ഭവനഭേദനം, അക്രമിച്ച് മാരകമായി പരിക്കേൽപ്പിക്കൽ, തടഞ്ഞുവക്കൽ, നാശനഷ്ട്ടമുണ്ടാക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അഭാവം ചൂണ്ടിക്കാട്ടി അഞ്ചാം പ്രതിയും നീനുവിന്‍റെ പിതാവുമായ ചാക്കോയെയും പത്ത്, പതിമൂന്ന്, പതിനാല് പ്രതികളായ വിഷ്ണു, ഷിനു, റെന്നിസ് എന്നിവരെ കേസിൽ നിന്ന് ഒഴിവാക്കി.
എന്നാൽ സംഭവുമായി നേരിട്ട് ബന്ധമുള്ളവരാണ് മോചിതരായവർ എന്നും വെറുതെ വിടാൻ പാടില്ലായിരുന്നു എന്നും കെവിന്‍റെ പിതാവ് ചാക്കോ പ്രതികരിച്ചു. പ്രതികളുടെ ശിക്ഷ മറ്റന്നാൾ വിധിക്കും.