കോട്ടയം: പാർട്ടി സ്റ്റിയറിങ് കമ്മിറ്റി, കോടതി നിശ്ചയിക്കുന്ന നിരീക്ഷകന്റെ സാന്നിധ്യത്തിൽ ചേരണമെന്ന ആവശ്യവുമായി ജോസ് കെ മാണി വിഭാഗം മുൻസിഫ് കോടതിയെ സമീപിച്ചു. സ്റ്റിയറിങ് കമ്മിറ്റി വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് 31 അംഗങ്ങൾ ഒപ്പിട്ട് വർക്കിംഗ് ചെയർമാൻ പി ജെ ജോസഫിന് നൽകിയ കത്തിൽ നടപടി ഉണ്ടായിട്ടില്ല. ചെയർമാൻ പദവി തടഞ്ഞു കൊണ്ടുള്ള ഇടുക്കി മുൻസിഫ് കോടതി വിധി നിലനിൽക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ജോസ് കെ മാണി വിഭാഗത്തിന്റെ പുതിയ നീക്കം.
കേസിൽ 22 ന് കോടതി വാദം കേൾക്കും. പാലാ ഉപതെരഞ്ഞെടുപ്പിൽ ചിഹ്നം അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കവും അനിശ്ചിതത്വവും ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിൽ കോടതിയുടെ സാന്നിധ്യത്തിൽ സ്റ്റിയറിംഗ് കമ്മിറ്റി ചേർന്ന് ഭൂരിപക്ഷം തെളിയിക്കാനാണ് ജോസ് കെ മാണി പക്ഷത്തിന്റെ നീക്കം.