കോട്ടയം: രാജ്യസഭാ തെരഞ്ഞെടുപ്പിലും അവിശ്വാസ പ്രമേയത്തിലും സ്വതന്ത്ര നിലപാട് സ്വീകരിക്കാൻ ജോസ് കെ മാണി വിഭാഗം തീരുമാനം. നിലവിൽ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും പിന്തുണയ്ക്കില്ല. രാജ്യസഭാ തെരഞ്ഞെടുപ്പ് വോട്ടിൽ പങ്കെടുക്കാതെ വിട്ടുനിൽക്കും. അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ പങ്കെടുക്കും. പ്രമേയത്തെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യില്ല. ഇതേ നിലപാട് മുൻനിർത്തി പി.ജെ ജോസഫ് ഉൾപ്പെടെയുള്ള എല്ലാ എംഎൽഎമാർക്കും വിപ്പ് നൽകുമെന്ന് ജോസ് പക്ഷം വ്യക്തമാക്കി.
പാർട്ടിയിൽ തർക്കം ഉണ്ടാകുന്നതിനു മുൻപ് റോഷി അഗസ്റ്റിനെ വിപ്പായി തീരുമാനിച്ചതാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ പോലും ഇതാണ് പരിഗണിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു. എന്നാൽ ജോസഫ് വിഭാഗം നൽകുന്ന വിപ്പ് അംഗീകരിച്ചില്ലെങ്കിൽ തുടർ നിയമനടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് ജോസഫ് പക്ഷം. കേരളാ കോൺഗ്രസിലെ തർക്കം തെരഞ്ഞെടുപ്പ് കമ്മിഷനിലുള്ളതിനാൽ വിഷയത്തിൽ സ്പീക്കറുടെ ഇടപെടലും നിർണായകമാകും.