കെഎം മാണി എന്ന അതികായന്‍റെ അഭാവത്തിൽ ഇടത്തേക്ക് മറിഞ്ഞ മണ്ഡലം.... മുന്നണി മാറ്റങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ പാലാ..... രാഷ്‌ട്രീയ കൂടുമാറ്റങ്ങള്‍ സംഭവിച്ച പാലായിൽ ഇനി ഏത് മാണി എന്നാണ് കേരളം ഉറ്റനോക്കുന്നത്. ഇടത്തേക്ക് ചാഞ്ഞ ജോസ് കെ മാണിയും വലതിനൊപ്പം കൂടിയ മാണി സി കാപ്പനും നേർക്ക് നേർ പോരാടുമ്പോള്‍ മലക്കം മറിച്ചിലുകളോടുള്ള പാലായുടെ ജനവിധി ഒപ്പം നിർത്തേണ്ടത് ഇരുമുന്നണിക്കും ഒരു പോലെ അനിവാര്യമാണ്.
മണ്ഡല ചരിത്രം
മരണം വരെ കെഎം മാണിയോട് മാത്രം കൂറ് പുലർത്തിയ കേരള കോണ്‍ഗ്രസിന്‍റ തട്ടകം... കെഎം മാണിയുടെ ഭൂരിപക്ഷത്തിലെ ഏറ്റ കുറച്ചലുകൾ മാത്രം ചർച്ചയായ മണ്ഡലം... മാണി നിറഞ്ഞു നിൽക്കുമ്പോള്‍ മറ്റൊരു പേര് എഴുതി ചേർക്കാൻ പാലാ മുതിർന്നിട്ടില്ല.. പിറവി കൊണ്ട കാലം മുതൽ വലതിനൊപ്പം നിന്ന മണ്ഡലത്തിൽ കാര്യങ്ങള്‍ മാറി മറിഞ്ഞത് കെഎം മാണിയുടെ മരണത്തോടെയാണ്. 1965 ൽ തുടങ്ങിയ പാലായുടെ തെരഞ്ഞെടുപ്പ് രാഷ്‌ട്രിയത്തിൽ 2019 ൽ മറ്റൊരു പേര് എഴുതി ചേർക്കപ്പെട്ടു. കെഎം മാണിയുടെ മരണത്തോടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ പാലാ ഇടത്തേക്ക് ചാഞ്ഞു. മാണി സി കാപ്പനിലൂടെ മണ്ഡലത്തിൽ ഇടത് തരംഗം. മൂന്ന് തവണ കെഎം മാണിയോട് തോറ്റ കാപ്പന് നാലാം ഊഴത്തിൽ തിരിച്ചുവരവ്. 54137 വോട്ട് നേടിയ കാപ്പൻ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പാലായെ ചുവപ്പണിയിച്ചു. രണ്ടാം സ്ഥാനത്തെത്തിയ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം 51194 വോട്ടുകൾ നേടി പരാജയം രുചിച്ചപ്പോൾ എൻഡിഎയ്ക്ക് മണ്ഡലത്തിലെ വോട്ടിങ് ശതമാനത്തിൽ ഇടിവുണ്ടായി എന്നതും ശ്രദ്ധേയം.. 2016 ൽ 12 ശതമാനം വോട്ടുകളുടെ വർധനവോടെ 24821 വോട്ടുകൾ നേടിയ മുന്നണി 2019 ൽ 18044 വോട്ടുകളായി ചുരുങ്ങി.
മണ്ഡലത്തിലെ രാഷ്‌ട്രീയം
പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒപ്പം കൂടിയ മണ്ഡലം കൈവിട്ടുപോകുന്നത് ചിന്തിക്കാനാവില്ല ഇടതിന്. പക്ഷേ പാലായെ ചുവപ്പിച്ച കാപ്പൻ ഇന്ന് വലത് പാളയത്തിലാണ്. മുന്നണി കൂടുമാറ്റങ്ങള്‍ സംഭവിച്ച മണ്ഡലത്തിൽ കെഎം മാണിയുടെ മകൻ ജോസ് കെ മാണിയിലൂടെ കാപ്പനെ മറികടക്കാം എന്ന് തന്നെ ഇടത് ക്യാമ്പ് വിലയിരുത്തുന്നു. എന്നാൽ കാപ്പന്‍റെ മുന്നണി മാറ്റം പാലായുടെ മനസിനെ എങ്ങനെ സ്വാധീനിക്കുമെന്നത് മുന്നണിക്ക് ആശങ്ക ഉണ്ടാക്കുന്നു. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തിലൂടെ വഴി തുറന്ന ചർച്ചകള്‍ക്കും വിമർശനങ്ങള്‍ക്കും വിജയത്തിലൂടെ മറുപടി പറയേണ്ടതും ഇടതിന് അനിവാര്യമാണ്. അതുകൊണ്ട് തന്നെ പാലാ പിടിക്കാൻ അരയും തലയും മുറുക്കിയാണ് മണ്ഡലത്തിൽ ഇടത് പ്രചാരണം കൊഴുക്കുന്നത്.
പിറവി മുതൽ ഒപ്പം കൂടിയ മണ്ഡലം കൈവിട്ടുപോയ ആഘാതത്തിലാണ് യുഡിഎഫ്. കെഎം മാണിയുടെ അഭാവത്തിൽ നഷ്‌ടപ്പെട്ട മണ്ഡലം ഇക്കുറി തിരിച്ചുപിടിക്കുക എന്നത് അഭിമാന പ്രശ്‌നം കൂടിയാണ് വലതിന്. മണ്ഡലം ഇടതിനൊപ്പം ചേർത്ത കാപ്പൻ ഇത്തവണ ഒപ്പമുള്ളത് അനുകൂല വികാരമൊരുക്കുമെന്ന് മുന്നണി വിലയിരുത്തുന്നു. കൂടുമാറ്റം നടത്തി എൽഡിഎഫ് പാളയത്തിലെത്തിയ ജോസ് കെ മാണിക്ക് വിജയത്തിലൂടെ മറുപടി നൽകേണ്ടതും മുന്നണിക്ക് അനിവാര്യം. ഇടത് തരംഗം ആഞ്ഞടിച്ച തദേശ പോരിൽ മണ്ഡലത്തിൽ നേട്ടമുണ്ടാക്കാൻ സാധിച്ചതും അനുകൂല വികാരമായി യുഡിഎഫ് വിലയിരുത്തുന്നു.
മണ്ഡലത്തിൽ വലിയ പ്രതീക്ഷകള്‍ വെച്ച് പുലർത്തുന്നില്ലെങ്കിലും 2019 ൽ ഉണ്ടായ വോട്ട് ചോർച്ച മുന്നണിക്ക് ആശങ്ക ഉണ്ടാക്കുന്നതാണ്. 2011 ൽ അഞ്ച് ശതമാനം വോട്ടുകള്‍ മാത്രം നേടിയ മുന്നണി 2016 ൽ 12.5 ശതമാനം വർധനവോടെ 24821 വോട്ടുകള്‍ സ്വന്തമാക്കിയിരുന്നു. എന്നാൽ ഇത് 2019 ൽ 18044 വോട്ടുകളായി ചുരുങ്ങി. അതുകൊണ്ട് തന്നെ മണ്ഡലത്തിലെ വോട്ടിങ് ശതമാനം ഉയർത്തുക എന്നത് തന്നെയാവും ഇക്കുറി എൻഡിഎ ലക്ഷ്യം വെയ്ക്കുക
11 ഗ്രാമ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മണ്ഡലത്തിൽ ഭരണങ്ങാനം, കടനാട്, മേലുകാവ്, മൂന്നിലവ്, രാമപുരം, തലപ്പലം പഞ്ചായത്തുകൾ യുഡിഎഫിനൊപ്പവും കരൂർ, മീനച്ചിൽ, തലനാട് പഞ്ചായത്തുകളും, പാലാ മുനിസിപ്പാലിറ്റിയും എല്‍ഡിഎഫിനൊപ്പവുമാണ്. കൊഴുവനാൽ പഞ്ചായത്തില്‍ ആർക്കും ഭൂരിപക്ഷമുണ്ടായില്ല. മുത്തോലി പഞ്ചായത്ത് എൻഡിഎ ഭരിക്കുന്നു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ 2021 ജനുവരിയിൽ പ്രസിദ്ധപ്പെടുത്തിയ കണക്കുകള്‍ പ്രകാരം 181035 വോട്ടർമാരുള്ള മണ്ഡലത്തിൽ 88231 പുരുഷ വോട്ടർമാരും 92804 സ്‌ത്രീ വോട്ടർമാരും ഉൾപ്പെടുന്നു.