കോട്ടയം: കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തില്‍ പിന്നോട്ടില്ലെന്നുറച്ച് പി.ജെ ജോസഫ്. നിയമസഭയില്‍ പാര്‍ട്ടിയെ താന്‍ തന്നെ നയിക്കുമെന്ന് വ്യക്തമാക്കിയ പി.ജെ ജോസഫ് സംസ്ഥാന കമ്മറ്റി യോഗം ഉടന്‍ വിളിക്കില്ലെന്നും അറിയിച്ചു.
തോമസ് ചാഴികാടന്റെ വിജയത്തോടെ ജോസ് കെ മാണി പക്ഷം പാര്‍ട്ടിയില്‍ മേല്‍ക്കൈ നേടിയതിന് പിന്നാലെയാണ് പി.ജെ ജോസഫ് നിലപാട് കടുപ്പിച്ചത്. സംസ്ഥാന കമ്മറ്റി വിളിക്കില്ലെന്ന നിലപാടില്‍ ഉറച്ചാണ് പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനം എന്ന ആവശ്യം പി.ജെ ജോസഫ് മുന്നോട്ടുവെക്കുന്നത്. ലീഡര്‍ മരിച്ചാല്‍ ഡെപ്യുട്ടി ലീഡറാണ് നിയമസഭയ്ക്കുള്ളില്‍ പാര്‍ട്ടിയെ നയിക്കേണ്ടതെന്നു വാദമാണ് ഇതിനായി പി.ജെ ജോസഫ് ഉന്നയിക്കുന്നത്.
ജോസ് കെ മാണിയെ ചെയര്‍മാനായി അംഗീകരിച്ചാല്‍ പി.ജെ ജോസഫിന് പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനം നല്‍കാമെന്ന് മാണി പക്ഷം മുമ്പ് വാഗ്ദാനം നല്‍കിയിരുന്നു. ചെയര്‍മാന്‍ പദവിയില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് ജോസഫ് ആവര്‍ത്തിച്ചതോടെ ഈ ചര്‍ച്ചകളില്‍ നിന്ന് ജോസ് കെ മാണി പക്ഷം പിൻവാങ്ങി. തോമസ് ചാഴികാടന്റെ വിജയത്തോടെ പാര്‍ട്ടിയില്‍ കരുത്തനായ ജോസ് കെ മാണിയെ സമാന്തര നീക്കത്തിലൂടെ ചെയര്‍മാനായി പ്രഖ്യാപിക്കുമെന്നാണ് സൂചന.