കോട്ടയം: എരുമേലി കണമലയിൽ രണ്ട് പേരെ ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടുപോത്തിന് വെടിയേറ്റിരുന്നുവെന്ന് വാദം. കാട്ടുപോത്തിന് നായാട്ടുകാരുടെ വെടിയേറ്റിരുന്നെന്ന് വനം വകുപ്പ് സംശയം പ്രകടിപ്പിച്ചതായാണ് വാദം ഉയർന്നത്. എന്നാല്‍ ഈ വാദം വനംവകുപ്പ് നിഷേധിച്ചിട്ടുണ്ട്.
എന്നാൽ ഇതുവരെയും അക്രമം നടത്തിയ കാട്ടുപോത്തിനെ കണ്ടെത്താനായിട്ടില്ല. രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഉദ്യോഗസ്ഥർ പോത്തിനെ കണ്ടെത്തുന്നതിന് ശ്രമിക്കുന്നുണ്ട്. 25 പേർ അടങ്ങുന്ന 2 സംഘങ്ങൾ രാത്രിയും പകലും തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളുമായി വനത്തോട് ചേർന്നുള്ള ജനവാസ മേഖലയിൽ നിരീക്ഷണം നടത്തുന്നുണ്ട്.
പോത്തിന്‍റെ അക്രമത്തിൽ മരണപ്പെട്ട ചാക്കോയുടെ സംസ്‌കാരം രാവിലെ കണമല സെന്‍റ് തോമസ് പള്ളിയിൽ നടന്നു. വെള്ളിയാഴ്ച്ച (19.05.23) രാവിലെയാണ് തോമസ്, ചാക്കോ എന്നിവർ പോത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
മുഖ്യമന്ത്രി ഇടപെടണമെന്ന് രമേശ് ചെന്നിത്തല: കണമല കാട്ടുപോത്ത് ആക്രമണത്തിൽ പ്രതികരണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാര്യങ്ങളിൽ വ്യക്തത ഇല്ലെന്നും മനുഷ്യർ മരിച്ചു വീഴുമ്പോൾ ഇങ്ങനെ ഉള്ള പ്രതികരണങ്ങളല്ല വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ സഭാ നേതൃത്വം പ്രതികരിക്കുമ്പോൾ കുറ്റം പറഞ്ഞ് ഒഴിവുകഴിവു പറയുകയല്ല വേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'രണ്ട് പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവച്ചു കൊല്ലാൻ കലക്‌ടർ ഉത്തരവിടുന്നു. എന്നാൽ മയക്കു വെടിവയ്ക്കാനേ പറ്റുകയുള്ളു എന്ന് വനം വകുപ്പ് പറയുന്നു. ഈ കാര്യത്തിൽ ഒരു വ്യക്തയില്ല. മനുഷ്യർ മരിച്ചു വീഴുമ്പോൾ ഇങ്ങനെ ആണോ പ്രതികരിക്കേണ്ടത്. ഇനിയും ആളുകളുടെ ജീവൻ നഷ്‌ടപ്പെടുമോ എന്ന ആശങ്ക നിലനിൽക്കുന്നു, അത് പരിഹരിക്കുകയാണ് വേണ്ടത്. നായാട്ടു സംഘം പോത്തിനെ വെടിവച്ചു എന്നു പ്രചരിപ്പിക്കുന്നു. ബിഷപ്പിനെയും കെസിബിസിയെയും കുറ്റം പറഞ്ഞ് ഒഴിവുകഴിവു പറയുകയല്ല വേണ്ടത്. വിഷയത്തിൽ ശാശ്വത പരിഹാരമാണ് ഉണ്ടാകേണ്ടത്', രമേശ് ചെന്നിത്തല പ്രതികരിച്ചു.
Also Read: ദമ്പതികൾക്ക് നേരെ അഞ്ചംഗ സംഘത്തിന്‍റെ ആക്രമണം; പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് ആക്ഷേപം
ചാക്കോയുടെ സംസ്‌കാരം നടത്തി: കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചാക്കോയുടെ സംസ്‌കാരം നടത്തി. കണമല സെന്‍റ് തോമസ് പള്ളിയിലാണ് ചാക്കോയുടെ സംസ്‌കാരം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു വീടിൻറെ വരാന്തയിൽ നിന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിച്ചു കൊലപ്പെടുത്തിയത്. അയൽവാസിയായ തോമസിനെയും കാട്ടുപോത്ത് ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇരുവരുടെ മരണത്തിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് കണമലയിൽ ഉണ്ടായത്. രണ്ട് പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ ഇതുവരെ കണ്ടെത്താത്ത വനംവകുപ്പിന്‍റെ നടപടിയിൽ കണമലയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. എന്നാൽ കണമലയിൽ സമരം ചെയ്‌തവർക്ക് എതിരെ പൊലിസ് കേസെടുത്തിരുന്നു. ഈ നടപടിക്കെതിരെയും പ്രതിഷേധം രൂക്ഷമാണ്.
Also Read: എസ്‌എഫ്‌ഐ ആൾമാറാട്ടം: പ്രിൻസിപ്പൽ ഡോ. ജി ജെ ഷൈജുവിനെ സസ്‌പെൻഡ് ചെയ്‌തു