കോട്ടയം: പാർട്ടി യോഗത്തിലെ തർക്കത്തിനിടെ കുഴഞ്ഞുവീണ് മരിച്ച കേരള കോൺഗ്രസ് എം നേതാവും കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്‍റുമായ ജോയി കല്ലുപുരയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. വീഴ്‌ചയ്ക്കിടെ തലയിലേറ്റ ചെറിയ മുറിവ് മരണകാരണമല്ലെന്ന് ഡോക്‌ടര്‍മാര്‍ വിലയിരുത്തി. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം പൊതുദർശനത്തിന് വച്ചു.
കഴിഞ്ഞ മാസം ഏഴിനാണ് കേരള കോൺഗ്രസ് എം മണ്ഡലം കമ്മിറ്റി യോഗത്തിൽ തർക്കത്തിനിടെ ജോയ് കല്ലുപുര കുഴഞ്ഞുവീണത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ലിസമ്മ ജോയ് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇതോടെ പ്രാദേശിക രാഷ്‌ട്രീയ കേന്ദ്രങ്ങളിൽ വലിയ വിവാദങ്ങൾക്ക് സംഭവം കാരണമായി. ഒരാഴ്‌ചയോളം പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ജോയി കല്ലുപുര ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്.
വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പോസ്‌റ്റ്‌മോര്‍ട്ടം പരിശോധന നടത്തിയത്. അസ്വാഭാവികമായി ഒന്നുമില്ല എന്നാണ് പ്രാഥമിക വിവരം പോസ്‌റ്റ്‌മോര്‍ട്ടം ചെയ്‌ത ഡോക്‌ടർമാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വീഴ്‌ചയ്ക്കിടെ തലയിലുണ്ടായ ചെറിയ മുറിവ് മരണകാരണമല്ലെന്ന് പ്രാഥമിക വിലയിരുത്തലാണ് ഉള്ളത്.
പാർട്ടി ഓഫിസിൽ നടന്ന കാര്യങ്ങൾ ജില്ലാ പ്രസിഡന്‍റ് വിശദീകരിച്ചിട്ടുണ്ട്. ആരോപണങ്ങൾ ഉണ്ടായത് കൊണ്ടാണ് മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയതെന്നും വിവാദങ്ങൾ അനാവശ്യമെന്നും തോമസ് ചാഴിക്കാടൻ എം പി പറഞ്ഞു. പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം കടപ്ലാമറ്റത്തും വയലയിലും പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും.