കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനെതിരെയുള്ള മാസപ്പടി വിവാദത്തില്‍ പ്രതിപക്ഷം വേണ്ട നിലപാട് സ്വീകരിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രതിപക്ഷ നേതാവ് എന്തൊക്കെയോ പിച്ചും പേയും പറയുകയാണെന്നും അദ്ദേഹം. പുതുപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിക്കായി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.
വീണ വിജയന്‍ മാസപ്പടി കൈപ്പറ്റിയതാണെന്ന് കൃത്യമായി രേഖകള്‍ വ്യക്തമാണ്. വിഷയത്തില്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിന്‍റേതെന്നും ജയരാജന്‍ മാസപ്പടിയുടെ ആശാനാണെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. വിഷയത്തില്‍ മുഖ്യമന്ത്രിക്കും വീണയ്‌ക്കും മന്ത്രി മുഹമ്മദ് റിയാസിനും എം വി ഗോവിന്ദനും ഇപ്പോള്‍ മിണ്ടാട്ടമില്ല. ഗോവിന്ദന് ഇപ്പോൾ ഭജ ഗോവിന്ദമാണ്. മുഖ്യമന്ത്രിക്ക് വിജയ സ്‌തുതി പാടുന്ന ആളായി ഗോവിന്ദന്‍ മാറിയിരിക്കുകയാണ്.
പുതുപ്പള്ളി തെരഞ്ഞെടുപ്പിനെ കുറിച്ചും പ്രതികരണം: കഴിഞ്ഞ 53 വര്‍ഷത്തെ പുതുപ്പള്ളിയിലെ അവസ്ഥകള്‍ പരിശോധിച്ചാല്‍ മനസിലാക്കാനാകും എത്രത്തോളം വികസനം ഉണ്ടായിട്ടുണ്ടെന്നത്. പുതുപ്പള്ളിയിലെ റോഡുകള്‍ കണ്ടാല്‍ അതറിയാമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 53 വർഷം മണ്ഡലം കൈവശം വച്ചയാളാണ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എന്നാൽ ഇവിടെ നല്ലൊരു ആശുപത്രിയുണ്ടോ സ്‌കൂളുണ്ടോ വ്യവസായ ശാലയുണ്ടോ എന്ന് സുരേന്ദ്രന്‍ ചോദിച്ചു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സമയത്ത് രണ്ടുമുന്നണികളും ആത്മ പരിശോധന നടത്തണം. ഇതെല്ലാം ജനങ്ങൾ മനസിലാക്കുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
മലയാളിക്കിത് മുണ്ട് മുറുക്കിയുടുക്കേണ്ടുന്ന ഓണം: കേരള സര്‍ക്കാരിന്‍റെ ഇത്രയും നിഷേധാത്മകമായ സമീപനം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഓണത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവും ബോണസും നല്‍കാന്‍ കാലതാമസമുണ്ടാകുമെന്നാണ് മന്ത്രി പറയുന്നത്. ശമ്പള പ്രതിസന്ധിയാണെന്നാണ് അദ്ദേഹത്തിന്‍റെ വാദം.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല സാധാരണ ജനങ്ങള്‍ക്ക് ഓണത്തിന് കിറ്റ് നല്‍കുന്ന പതിവുണ്ടായിരുന്നു. 87 ലക്ഷം പേര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ കിറ്റുകള്‍ വിതരണം ചെയ്‌തത്. എന്നാല്‍ ഇത്തവണ ഏഴ് ലക്ഷമാക്കിയത് ചുരുക്കിയിരിക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
മഞ്ഞ കാര്‍ഡുകാര്‍ക്ക് മാത്രമാണ് ഇത്തവണ കിറ്റ് നല്‍കുന്നത്. സര്‍ക്കാര്‍ നിരുത്തരപരമായാണ് പെരുമാറുന്നതെന്നും സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് യാതൊരു മുന്‍കരുതലും എടുക്കാതെയാണ് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലും മഹാരാഷ്‌ട്രയിലും നേരത്തെ ശമ്പളം നല്‍കുകയാണ്.
സപ്ലൈകോയില്‍ ഇതുവരെ സാധനങ്ങള്‍ എത്തിയില്ല. മന്ത്രി നേരത്തെ പറഞ്ഞത് സപ്ലൈകോയില്‍ സാധനം എത്തിയില്ലെങ്കിലും ഓണ ചന്ത തുടങ്ങുമ്പോള്‍ എല്ലാം പരിഹാരമാകുമെന്നാണ്. എന്നാല്‍ ഇപ്പോള്‍ ഒന്നിനും പരിഹാരമായില്ല. അതീവ ഗുരുതര പ്രതിസന്ധിയാണ് കേരളത്തിലേതെന്നും ഇതിനെതിരെ യാതൊരുവിധ നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
മലയാളികളുടെ ആഘോഷമായി ഓണത്തിന് പൊതുജനങ്ങള്‍ക്ക് മുണ്ട് മുറുക്കിയുടുക്കേണ്ട ഗതികേടാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കാണം വിറ്റും ഓണം ഉണ്ണുമെന്ന് പറയുന്ന മളയാളിക്ക് ഇത്തവണ കാണം വിറ്റാലും ഓണം ഉണ്ണാല്‍ കഴിയില്ലെന്നും അത്തരം അവസ്ഥയിലേക്കാണ് സര്‍ക്കാര്‍ കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.