കോട്ടയം: ഇടതുപക്ഷ സർക്കാർ കെ റെയിൽ പദ്ധതി പിൻവലിച്ച് ഉത്തരവിടുന്നത് വരെ സമരം നടത്തുമെന്ന് കെ റെയിൽ വിരുദ്ധ സമര സമിതി. ജൂലൈ 28ന് സമരം നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. കെ റെയിൽ വിരുദ്ധ സമരം കേരളത്തിൽ കത്തിപടർന്നത് മാടപ്പള്ളിയിലെ കെ റെയിൽ വിരുദ്ധ സമരത്തെ തുടർന്നായിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി കൊണ്ട് കെ റെയിൽ പദ്ധതിയോട് സർക്കാർ അയഞ്ഞ സമീപനത്തിലാണ് എന്നാൽ പദ്ധതി പിൻവലിച്ചിട്ടില്ലെന്നും സമര സമിതി ആരോപിച്ചു.
കേന്ദ്രസർക്കാരിന്‍റെ അനുമതിയക്കായി കെ റയിൽ അധികൃതർ പേപ്പറുകൾ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. അതിനാൽ അയഞ്ഞ സമീപനം താത്കാലികം മാത്രമാണെന്നും സമരസമിതി ആരോപിച്ചു. മാടപ്പള്ളിയിൽ സർവ്വേ നടത്തിയ പ്രദേശത്തെ ജനങ്ങൾക്ക് ബാങ്ക് ലോണിനോ മറ്റ് ആനുകൂല്യങ്ങൾക്കോ തങ്ങളുടെ ഭൂമി ഈട് വയ്ക്കാൻ നിലവിൽ പറ്റില്ല. ഇവരുടെ വസ്തുവകകൾക്ക് മൂല്യം ഇല്ലാതെയായി. ഈ സ്ഥിതി മാറിയില്ലെങ്കിൽ ഭാവിയിൽ പ്രശ്നമാകും ഈ സാഹചര്യത്തിൽ പദ്ധതി പിൻവലിച്ച് സർക്കാർ ഉത്തരവുണ്ടാകും വരെ സമരം തുടരുമെന്ന് ബാബു കുട്ടൻച്ചിറ പറഞ്ഞു.
സമരക്കാരുടെ മേൽ ചെയ്യാത്ത കുറ്റങ്ങളുടെ വകുപ്പ് ചേര്‍ത്ത് കേസെടുത്തിരിക്കുകയാണ് പൊലീസ്. 400 രുപ വിലയുള്ള കെ റെയിൽ കുറ്റി പറിച്ചതിന് 7000 രൂപ ജാമ്യ തുകയായി കെട്ടി വയ്‌ക്കേണ്ട സ്ഥിതിയാണ്. നൂറു കണക്കിനാളുകൾ കേസുകളിൽ പ്രതിയാക്കപ്പെട്ടു. കുറ്റിയടിയും സർവേയും നിയമപരമല്ലെന്നും വ്യക്തമായ സാഹചര്യത്തിൽ സമരക്കാർക്കെതിരായ എല്ലാ കേസുകളും പിൻവലിക്കാൻ സർക്കാർ തയാറകണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.
ചങ്ങനാശേരി മാടപ്പളളിയിലെ സമരപന്തലിൽ നൂറാം ദിവസത്തെ സത്യഗ്രഹം ചങ്ങനാശേരി അതിരൂപത ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മാണി സി കാപ്പൻ, അനൂപ് ജേക്കബ്, മോൻസ് ജോസഫ് എന്നുവരും സമരത്തിൽ പങ്കെടുക്കും.
Also Read: 'കെ റെയില്‍ കല്ലിടലിന് ചെലവാക്കിയത് 1.33 കോടി': മുഖ്യമന്ത്രി നിയമസഭയില്‍