കോട്ടയം: പി ജെ ജോസഫിനെതിരെ വിമർശനമുയർത്തിയ കേരളാ കോൺഗ്രസ് എം മുഖപത്രം 'പ്രതിച്ഛായ' യിലെ ലേഖനത്തെയും എഡിറ്റോറിയൽ ബോർഡിനെയും വിമര്‍ശിച്ച് ജോസഫ് വിഭാഗം രംഗത്ത്. പാർട്ടി യോഗങ്ങളില്‍ കാർഷികവികസനത്തെപ്പറ്റിയും ക്ഷീരവികസനത്തെപ്പറ്റിയുമാണ് പ്രസംഗിക്കുന്നതെങ്കിൽ പി ജെ ജോസഫ് കർഷകലക്ഷങ്ങളുടെ അഭിമാനമാണെന്ന് ജോസഫ് വിഭാഗം കോട്ടയം ജില്ലാ സെക്രട്ടറി സജി മഞ്ഞക്കടമ്പൻ പറഞ്ഞു. എൽഡിഎഫുമായി ചേർന്ന് യുഡിഎഫിനെ പിളർത്താൻ ശ്രമിച്ച പത്രമാണ് പ്രതിച്ഛായയെന്നും മാണിയുടെ മരണശേഷം പത്രത്തെ ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത് ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ ചെയർമാൻ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്‌ത തൊടുപുഴ മുന്‍സിഫ് കോടതി വിധി ശരിവച്ച ഇടുക്കി മുൻസിഫ് കോടതി വിധി സ്വാഗതാർഹമെന്നും പാർട്ടി ഓഫീസിൽ നിന്നും എടുത്ത് മാറ്റിയ കെ എം മാണിയുടെ ബോർഡ് തിരിച്ചു സ്ഥാപിക്കണമെന്നും സജി മഞ്ഞക്കടമ്പൻ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പശു വളര്‍ത്തലിനും കൃഷിക്കുമപ്പുറം രാഷ്‌ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ചര്‍ച്ചകള്‍ നടത്താന്‍ ഗ്രൂപ്പ് യോഗങ്ങളില്‍ പി ജെ ജോസഫ് തയ്യാറായിട്ടില്ലെന്നായിരുന്നു ലേഖനത്തില്‍ ഉയര്‍ന്നു വന്ന വിമര്‍ശനം.