കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് പരാജയത്തില്‍ പിജെ ജോസഫിന് എതിരെ രൂക്ഷ വിമർശനവമായി യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ജോസ് ടോം. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ജോസഫ് നടപ്പിലാക്കാനാരംഭിച്ച അജണ്ടയാണ് പരാജയത്തിന് കാരണമെന്ന് ജോസ് ടോം ആരോപിക്കുന്നു. പാലാ പരാജയത്തിന് പിന്നിലെ വില്ലനാണ് പിജെ ജോസഫ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടം മുതല്‍ ആരോപണങ്ങളുമായി ജോസഫ് വിഭാഗം രംഗത്തെത്തി. സൂക്ഷ്മപരിശോധനാ സമയത്ത് ജോസഫ് കണ്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കി പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. തന്‍റെ നോമിനേഷന്‍ തള്ളുന്നതിനായി പിജെ ജോസഫ് പരമാവധി ശ്രമം നടത്തി. തനിക്കെതിരെ ലഘുലേഖകളിറക്കിയതിന് പിന്നില്‍ ജോസഫാണെന്നും ജോസ് ടോം ആരോപിച്ചു.
ജോസഫ് വിഭാഗം നേതാവ് ജോയി എബ്രഹാമിനെതിരെയും കടുത്ത വിമര്‍ശനമാണ് ജോസ് ടോം നടത്തിയത്. യുഡിഎഫ് യോഗങ്ങളിലൊന്നും ജോയ് എബ്രഹാം പങ്കെടുത്തിരുന്നില്ല. നിരന്തരം അനാവശ്യ പ്രസ്താവനകളും നടത്തി. ജോയ് എബ്രഹാമിനെ നിയന്ത്രിക്കാന്‍ ജോസഫ് തയ്യാറായതുമില്ല. ജോസഫ് ഗ്രൂപ്പിലെ മറ്റ് നേതാക്കള്‍ നടത്തിയ പരസ്യപ്രസ്താവനകള്‍ ജോസഫിന്‍റെ അറിവോടെയാണെന്നും ജോസ് ടോം പറയുന്നു.
തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ജോസഫ് നടത്തിയ പരാമര്‍ശങ്ങളും ജോസ് ടോം തള്ളി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ജോസഫ് ശ്രമിക്കുന്നത്. പ്രചാരണങ്ങള്‍ സത്യസ്ഥിതി മറച്ചുവയ്ക്കാന്‍ വേണ്ടി മാത്രമാണ്. താന്‍ വിജയിച്ചിരുന്നെങ്കില്‍ കേരളാ കോണ്‍ഗ്രസിന് ഒരു എംഎല്‍എ കൂടിയാകും. ഇത് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ ജോസഫിന് തിരിച്ചടിയുണ്ടാക്കുമെന്ന ഭയം കൊണ്ടാണ് ജോസഫ് കാലുവാരിയതെന്നും അദ്ദേഹം ആരോപിച്ചു.
യുഡിഎഫ് നേതൃത്വത്തിനെതിരെയും ജോസ് ടോം വിമർശനം ഉന്നയിച്ചു. പിജെ ജോസഫിനെ നിയന്ത്രിക്കുന്നതില്‍ യുഡിഎഫ് പരാജയപ്പെട്ടു. യുഡിഎഫ് നിര്‍ദേശങ്ങള്‍ ലംഘിച്ച് കൊണ്ടുള്ള തുടര്‍പരാമര്‍ശങ്ങള്‍ തടയാന്‍ നേതൃത്വത്തിനായില്ല. ജോസഫിന്‍റെ മുന്നണി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫ് കൃത്യമായ അന്വേഷണം നടത്തണമെന്നും ജോസ് ടോം ആവശ്യപ്പെട്ടു.