കോട്ടയം: എന്നും യുഡിഎഫിന് നല്ല വളക്കൂറുള്ള മണ്ണാണ് കോട്ടയം. പാലായും പുതുപ്പള്ളിയും കടത്തുരുത്തിയും ഒക്കെ ചേരുന്ന കോട്ടയത്തിന് ഇടതിനൊപ്പം നില്‍ക്കാൻ ഒരുകാലത്തും മനസുണ്ടായിരുന്നില്ല. എന്നാല്‍ മധ്യകേരളത്തിന്‍റെ രാഷ്ട്രീയ മനസിനെ രണ്ടിലയ്‌ക്കൊപ്പം ചേർത്ത് ജോസ് കെ. മാണിയെ ഇടതുപാളയത്തിലേക്ക് മാറ്റി നട്ടപ്പോൾ ഇങ്ങനെയൊരു വിജയം സിപിഎം പോലും ചിന്തിച്ചിട്ടുണ്ടാകില്ല. ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കോട്ടയം മാത്രമല്ല, അതിനൊപ്പം പത്തനംതിട്ടയും ഇടുക്കിയും എല്‍ഡിഎഫിന് അനുകൂലമായി വിധിയെഴുതി.
പതിറ്റാണ്ടുകളായി യുഡിഎഫ് സ്ഥാനാർഥികളെ മാത്രം വിജയിപ്പിച്ച പരമ്പരാഗത കോട്ടകൾ പോലും രണ്ടിലയ്‌ക്കൊപ്പം ഇടതുമുന്നണിയിലേക്ക് മാറി മറിഞ്ഞു. രാവിലെ എട്ടരയോടെ ആദ്യ സൂചനയായി പാലാ നഗരസഭയിലെ ഏഴ് എല്‍ഡിഎഫ് സ്ഥാനാർഥികൾ ജയിച്ചപ്പോൾ പാലായുടെ രാഷ്ട്രീയ ചരിത്രത്തിലെ ആദ്യ സംഭവമായി. ഒടുവില്‍ ഉമ്മൻചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളി, മണർകാട് പഞ്ചായത്തുകൾ എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോൾ രണ്ടില ഇടതുമുന്നണിക്ക് നല്‍കിയ ആശ്വാസം വളരെ വലുതായിരുന്നു.
കോട്ടയം ജില്ലാ പഞ്ചായത്തും ഒമ്പത് ബ്ലോക്ക് പഞ്ചായത്തുകളും ജോസിനൊപ്പം ഇടതുമുന്നണിയുടേതായി. ജോസിനെ പുറത്തേക്ക് വിട്ട് ജോസഫിനെ സ്വീകരിച്ച യുഡിഎഫ് കോട്ടയത്തിന്‍റെ ചിത്രത്തില്‍ നിന്ന് പുറത്താകുകയായിരുന്നു. പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ അധികാരം സ്വപ്‌നം മാത്രമായിരുന്ന ഇടതുമുന്നണി ഇത്തവണ ജോസിന്‍റെ സഹായത്തോടെ മികച്ച വിജയം നേടിക്കഴിഞ്ഞു. തിരുവല്ല അടക്കമുള്ള നഗരസഭകളിലും സ്ഥിതി ഇടതുമുന്നണിക്ക് അനുകൂലമാണ്.
ജോസഫ് പക്ഷത്തിന് സ്വാധീനം ഉണ്ടെന്ന് കരുതിയിരുന്ന ഇടുക്കി ജില്ലയിലും രണ്ടിലയും ചെങ്കൊടിയും ചേർന്ന് പറക്കുകയാണ്. ജോസഫിന്‍റെ സ്വന്തം തട്ടകമായ തൊടുപുഴയിലും യുഡിഎഫിന് മുൻ വർഷങ്ങളിലെ വിജയം നേടാനായില്ല. ഇടുക്കി ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തുകളിലും ജോസിനൊപ്പം ചേർന്നുള്ള വിജയം ഇടതുമുന്നണിക്ക് വലിയ ആശ്വസമാണ്. ദശാബ്‌ദങ്ങളായി എല്‍ഡിഎഫ് പ്രതിപക്ഷത്തിരിക്കുന്ന ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മിക്ക ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും ജോസ് കെ. മാണി വിഭാഗത്തിനൊപ്പം ചേർന്ന് അധികാരം കയ്യാളും. ജോസ് കെ മാണിയുടെ കേരള കോൺഗ്രസിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിക്കുമ്പോൾ കടുത്ത വിമർശനം നടത്തിയവർക്കുള്ള മറുപടി കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് വിലയിരുത്താം.
അതോടൊപ്പം കണ്ണൂർ ജില്ലയിലെ ആറളം, ചെറുപുഴ അടക്കമുള്ള മലയോര പഞ്ചായത്തുകളില്‍ ഇടതുമുന്നണിക്ക് ചരിത്ര വിജയം സമ്മാനിച്ചതിന് പിന്നിലും ജോസ് കെ മാണി വിഭാഗത്തിന്‍റെ വോട്ടുകളുണ്ട്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കുമെന്നുറപ്പാണ്. യഥാർഥ കേരള കോൺഗ്രസ് തങ്ങളാണെന്ന അവകാശവാദത്തിന് ജോസ് കെ. മാണിക്ക് ഈ വിജയം കൂടുതല്‍ കരുത്താകുകയും ചെയ്യും. അതേസമയം, പൂഞ്ഞാർ നിയോജക മണ്ഡലത്തില്‍ മൂന്ന് മുന്നണികളെയും പരാജയപ്പെടുത്തി പിസി ജോർജിന്‍റെ ജനപക്ഷം സ്ഥാനാർഥികൾ ജയിച്ചിട്ടുണ്ട്. പിസി ജോർജിന്‍റെ മകൻ ഷോൺ ജോർജ് പൂഞ്ഞാർ ഡിവിഷനിലേക്ക് ജയിച്ചത് മൂന്ന് മുന്നണികളേയും പിന്നിലാക്കിയാണെന്നതും ശ്രദ്ധേയമാണ്.