കോട്ടയം: ജോസ് കെ മാണിക്കെതിരെ തുറന്നടിച്ച് പി.ജെ ജോസഫ്. സ്വർണ്ണക്കടത്ത് വിവാദത്തിലെ ജോസ് കെ മാണിയുടെ പ്രതികരണത്തിനെതിരെയായിരുന്നു പി.ജെ ജോസഫിന്‍റെ വിമർശനം. സ്വർണ്ണക്കടത്ത് വിവാദത്തിൽ പിണറായി വിജയനെ ന്യായികരിച്ച ഏക വ്യക്തിയാണ് ജോസ് കെ മാണിയെന്നും ഇടതുപക്ഷവുമായുള്ള കൂട്ടുകെട്ട് ആരംഭിക്കുന്നതിന്‍റെ ഭാഗമായാണ് മയപ്പെടുത്തിയ നിലപാടുമായി ജോസ് കെ മാണി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്‍റെ നിഴലിലായ സാഹചര്യത്തിൽ സംശയം ദൂരീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ചുമതലയാണ്. വിഷയത്തെ ഗൗരവകരമായി കണ്ട് അന്വേഷണം ഊർജിതമാക്കണമെന്നും സത്യാവസ്ഥ പുറത്ത് കൊണ്ടുവരേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്വം ആണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാർ വിഷയത്തിൽ രാഷ്ട്രീയം കളിക്കുമോ എന്നത് ഇപ്പോൾ പറയാൻ കഴിയില്ല. അന്വേഷണത്തിൽ സ്വർണ്ണക്കടത്ത് നടന്നു എന്നത് തെളിഞ്ഞതാണ്. ഈ സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണമാണ് ഉചിതമെന്നും പി.ജെ ജോസഫ് കോട്ടയത്ത് പറഞ്ഞു.