കോട്ടയം: പാലായിൽ സ്ഥാനാർഥി നിർണയത്തിനെടുത്ത മാതൃക തന്നെയാണ് കുട്ടനാട് ഉപതെരഞ്ഞെടുപ്പിലുമെന്ന് ജോസ് കെ മാണി. തോമസ് ചാഴിക്കാടൻ എം.പി കൺവീനറായ അഞ്ചംഗ സമിതിക്കാണ് സ്ഥാനാർഥി നിർണയമടക്കമുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല. ചരൽക്കുന്ന് ക്യാമ്പിലാണ് തെരഞ്ഞെടുപ്പിന്‍റെ ചുമതല ഉപസമതിയെ ഏൽപിച്ചത്. ജോസ്ഥ് എം പുതുശ്ശേരി, വി.സി ഫ്രാൻസീസ് വി ടി ജോസഫ് ജേക്കബ് തോമസ് എന്നിവരാണ് ഉപസമിതിയിലെ മറ്റ് അംഗങ്ങൾ. കേരളാ കോൺഗ്രസിന്റെ കൈവശമുള്ള സീറ്റിൽ യു.ഡി.എഫ് സ്ഥാനാർഥിയായി തങ്ങളുടെ പക്ഷത്ത് നിന്നും സ്ഥാനാർഥിയുണ്ടാകുമെന്ന് ജോസ് കെ മാണി വ്യക്തമാക്കി.
ജോസഫ് വിഭാഗവും കുട്ടനാടിനായി കരുനീക്കങ്ങൾ നടത്തുമ്പോൾ കേരള കോൺഗ്രസ് തർക്കം യുഡിഎഫിനും കോൺഗ്രസിനും കൂടുതൽ തലവേദന സൃഷ്‌ടിക്കുകയാണ്. എന്നാൽ ജോസഫ് വിഭാഗത്തിന്റെ നീക്കങ്ങൾ മുഖവിലക്കെടുക്കേണ്ടെന്നും തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോകാനുമാണ് ജോസ് പക്ഷത്തിന്റെ തീരുമാനം.ഇരു വിഭാഗങ്ങളും തമ്മിലുള്ള തർക്കം വീണ്ടും കലുഷിതമാക്കുമ്പോൾ പാലാ ആവർത്തിക്കപ്പെടുമോ എന്നാണ് രാഷ്ട്രീയ കേരളം വീക്ഷിക്കുന്നത്.