കോട്ടയം: മനുഷ്യമതില്‍ തീര്‍ത്ത് പ്രതിഷേധിച്ച് യാക്കോബായ സഭ. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ യാക്കോബായ സഭക്കെതിരെ നീതി നിഷേധങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നാരംഭിച്ച മനുഷ്യമതില്‍ 10 കിലോമീറ്റർ പിന്നിട്ട് കോട്ടയം ഗാന്ധി സ്ക്വയർ വരെ നീണ്ടു. യാക്കോബായ സഭാ കോട്ടയം ഭദ്രാസനത്തിന്‍റെയും ക്‌നാനായ അതിഭദ്രാസനത്തിന്‍റെയും നേതൃത്വത്തിലാണ് മനുഷ്യമതിൽ തീർത്തത്.
ഓർത്തഡോക്സ് വിഭാഗത്തിന് യാതൊരുവിധ ഭൂരിപക്ഷവുമില്ലാത്ത പള്ളികൾ പോലും പിടിച്ചടക്കുന്ന നിലപാടാണ് ഓർത്തഡോക്‌സ് സഭ സ്വീകരിച്ചിരിക്കുന്നതെന്നും കോട്ടയം ഭദ്രാസനത്തിന്‍റെ കീഴിൽ വരുന്ന ഒരു പള്ളിയും വിട്ടുനൽകില്ലെന്നും വിശ്വാസികൾ പ്രഖ്യാപിച്ചു. മണർകാട് പള്ളി പിടിച്ചടക്കാനുള്ള ഓർത്തഡോക്സ് വിഭാഗത്തിന്‍റെ നീക്കത്തിനെതിരെയുള്ള താക്കീതാണ് മനുഷ്യമതിലെന്ന് യാക്കോബായ വിഭാഗം വ്യക്തമാക്കി. പള്ളിത്തർക്കത്തെ തുടര്‍ന്ന് കോട്ടയത്തെ ഓർത്തഡോക്‌സ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയതടക്കമുള്ള പ്രതിഷേധങ്ങൾ യാക്കോബായ വിഭാഗം സംഘടിപ്പിച്ചിരുന്നു.